ചാവക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മിസ്‌രിയ മുസ്താഖലിയെ തിരഞ്ഞെടുത്തു. പത്താം ഡിവിഷനിലെ മെമ്പറായ മിസ്‌രിയയെ എട്ടാം ഡിവിഷൻ മെമ്പർ കെ. ആഷിത് നിർദ്ദേശിച്ചു. 13-ാം ഡിവിഷൻ മെമ്പർ കെ. കമറുദ്ദീൻ പിന്താങ്ങി. എൽ.ഡി.എഫിൽ മൂന്നാം ഡിവിഷൻ മെമ്പറായ ഫാത്തിമ ലീനസിനെ ഏഴാം ഡിവിഷൻ മെമ്പർ ഷൈനി ഷാജി നിർദ്ദേശിച്ചു. 12-ാം ഡിവിഷനിൽ നിന്ന് ജിസ്‌ന പിന്താങ്ങി.
13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് വോട്ടുകൾ നേടിയ മിസ്‌രിയ മുസ്താഖലിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ.ഡി.എഫിലെ ഫാത്തിമ ലീനസിന് ആറ് വോട്ടുകൾ ലഭിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കടപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സി. മുസ്താഖലിയുടെ ഭാര്യയാണ് മിസ്‌രിയ മുസ്താഖലി.
റിട്ടേണിംഗ് ഓഫീസർ കെ.ആർ. രാജീവ് മിസ്‌രിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി.ഡി.ഒ: കെ. വിനീത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, കെ.ഡി. വീരമണി, കെ.പി. ഉമ്മർ, കെ.കെ. സെയ്തു മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായി.