തൃശൂർ: ബി.ജെ.പിയെ തോൽപ്പിക്കാൻ എല്ലാ ശത്രുതകളും മാറ്റി വെച്ച് യു.ഡി.എഫ് എൽ.ഡി.എഫിന്റെ ബി ടീമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ചെന്നിത്തല സി.പി.എമ്മിന് വേണ്ടി ദാസ്യവേല ചെയ്യുകണ്. തൃശൂർ ജില്ലയിൽ വിജയിച്ച ബി.ജെ.പി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പി ഒരുഭാഗത്തും മറ്റെല്ലാ പാർട്ടികളും മറുഭാഗത്തുമായാണ് മത്സരം നടന്നത്. ബി.ജെ.പി ജയിച്ച വാർഡുകളിൽ ത്രികോണമത്സരം നടന്നില്ല. മറിച്ച് ബി.ജെ.പിയെ തോൽപ്പിക്കാൻ ഒരു മുന്നണിക്ക് മറ്റൊരു മുന്നണി വോട്ട് മറിക്കുകയായിരുന്നു. എന്നിട്ടും കേരളത്തിലെ മുന്നൂറോളം ഗ്രാമപഞ്ചായത്തുകളിൽ അധികം പ്രാതിനിധ്യമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 90 ശതമാനം നഗരസഭകളിലും ബി.ജെ.പിക്ക് കൗൺസിലർമാരുണ്ട്. എല്ലാ കോർപ്പറേഷനിലും താമര വിരിഞ്ഞു. യഥാർത്ഥ പ്രതിപക്ഷമായി ബി.ജെ.പി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ , സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, എസ്‌.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവർ സംസാരിച്ചു.