kutyhiran

തൃശൂർ : ആയിരത്തിലേറെ കോടി ചെലവാക്കി നിർമ്മിച്ച ദേശീയപാതയിലൂടെയുള്ള യാത്ര ഗതാഗത കുരുക്കും അപകട മരണങ്ങളും മൂലം ഭീതി ജനിപ്പിക്കുന്നു. അപകടങ്ങൾ മൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്.

കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആറ് വർഷം മുമ്പ് ആരംഭിച്ച തുരങ്കം പൂർത്തിയാക്കി നൽകാൻ കരാറുകാർ കാണിക്കുന്ന അലംഭാവവും അതോടൊപ്പം ദേശീയപാത അധികൃതരുടെ പിടിപ്പുകേടും കൂടിയായതോടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറുകയാണ്. കൊവിഡിനെ തുടർന്ന് സ്വകാര്യ ബസുകളുടെ എണ്ണം കുറവായിട്ടും ഗതാഗത കുരുക്കും അപകടങ്ങളും പെരുകുകയാണ്. ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണവും റോഡരികിലെ വലിയ ഗർത്തങ്ങളും പലപ്പോഴും അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. മിക്ക ദിവസങ്ങളും മൂന്നും നാലും മണിക്കൂർ കുരുക്കാണ് അനുഭവപ്പെടുന്നത്. അത് ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടു നിൽക്കുന്ന തരത്തിലേക്ക് മാറാറുണ്ട്.

വഴുക്കുംപാറയെ സൂക്ഷിക്കണം

വഴുക്കുംപാറ മേഖലയിലാണ് കൂടുതൽ അപകടങ്ങളും. എതാനും ആഴ്ച്ചകൾക്ക് മുമ്പ് കാർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഉണ്ടായ അപകടവും ഈ മേഖലയിൽ തന്നെയാണ്. ദേശീയപാതയിൽ കുതിരാൻ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ചരക്കുലോറി മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിന് മീതെ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ശേഷം ടെമ്പോ ട്രാവലറിൽ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ചിട്ട് കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


പ്രതീക്ഷ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ

കുതിരാനിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുന്ന തുരങ്കം ജനുവരി ആദ്യം തുറന്ന് കൊടുക്കാൻ ദേശീയപാത അധികൃതർ സമ്മതിച്ചതായുള്ള മുഖ്യമന്ത്രി പ്രഖ്യാപനം യാഥാർത്ഥ്യമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന മന്ത്രിമാരും നിരവധി തവണ കുതിരാൻ തുറക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം തൃശൂരിൽ മുഖ്യമന്ത്രി നടത്തിയ കേരള പര്യടനത്തിനിടെയാണ് കുതിരാൻ തുരങ്കം ജനുവരിയിൽ തുറക്കുമെന്ന് പറഞ്ഞത്.

തുരങ്ക നിർമ്മാണം