 
തൃശൂർ: പാവറട്ടി സംസ്‌കൃത കോളേജിന്റെ 111-ാം പിറന്നാൾ ആഘോഷിച്ചു. കുരിയാക്കോസ് മാസ്റ്റർ പാഠശാലയ്ക്ക് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു തന്നെയായിരുന്നു ടോംയാസും മാസ്റ്ററുടെ കുടുംബാംഗങ്ങളും ചേർന്ന് പിറന്നാൾ ആഘോഷ ചടങ്ങ് നടത്തിയത്. കേന്ദ്രീയ സംസ്‌കൃത സർവകലാശാല ഗുരുവായൂർ സെന്റർ ഡയറക്ടർ പ്രൊഫ. ഇ.എം. രാജൻ ഉദ്ഘാടനം ചെയ്തു.
ന്യൂഡൽഹി ആസ്ഥാനമായ കേന്ദ്രീയ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി.എൻ. ശാസ്ത്രിയുടെ സന്ദേശം അദ്ദേഹം വായിച്ചു. അദ്ധ്യാപകരും കുരിയാക്കോസ് മാസ്റ്ററുടെ ശിഷ്യരുമായ കവി രാധാകൃഷ്ണൻ കാക്കശ്ശേരി, കാസിം വാടാനപ്പിള്ളി, പി.എം. ആനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പാവറട്ടി തീർത്ഥകേന്ദ്രം വികാരി ഫാ. ജോൺസൺ ഐനിക്കൽ,ടോംയാസ് ഏർപ്പെടുത്തിയ കാഷ് അവാർഡ് സമർപ്പിച്ചു. പി.ടി. കുരിയാക്കോസ് മാസ്റ്ററുടെ പൗത്രൻ ഫാ. ഡേവിസ് ചിറമ്മൽ (സീനിയർ) മുഖ്യപ്രഭാഷണം നടത്തി. ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി, പി.ടി. കുരിയാക്കോസ് സ്മൃതിഭവൻ അദ്ധ്യക്ഷൻ ഡോ. ഇ.ആർ. നാരായണൻ, കുരിയാക്കോസ് മാസ്റ്ററുടെ പൗത്രൻ കുര്യൻ പുലിക്കോട്ടിൽ,ടോംയാസ് മാനേജർ സി.ഡി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.