
തൃശൂർ : പുതുവത്സരത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഒരു വർഷം മുക്കാൽ ലക്ഷം പേരിലേക്ക് പടർന്ന കൊവിഡ് കവർന്നത് 325 ജീവനുകൾ. സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരമാണ് ഇത്ര മരണങ്ങളെങ്കിലും അനൗദ്യോഗിക കണക്ക് ഇതിലും ഏറെയാണ്.
പലരും കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയ ശേഷം മറ്റ് രോഗങ്ങൾ മൂലമാണ് മരണമടഞ്ഞത്. നേരിട്ട് കൊവിഡ് ബാധയാൽ അല്ലാത്തതിനാൽ ഇതൊന്നും സർക്കാരിന്റെ കൊവിഡ് മരണ കണക്കിൽ വരില്ല.
എന്നാൽ ഇവരുടെ സംസ്‌കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകാൾ പാലിച്ചായിരുന്നു. കഴിഞ്ഞ ജനുവരി 30നാണ് ഇന്ത്യയിൽ തന്നെ തൃശൂരിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മേയ് മാസത്തിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. മേയ്, ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ആകെ മരണമടഞ്ഞവരുടെ എണ്ണം 13 മാത്രമാണെങ്കിൽ അടുത്ത നാലു മാസങ്ങളിൽ മരിച്ചവരുടെ എണ്ണം 312 ആയി. ഈ കാലയളവിൽ തന്നെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. നവംബറിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 120 പേരാണ് മരിച്ചത്. ഡിസംബറിൽ 80 പേർക്കും ജീവൻ നഷ്ടപ്പെട്ടു.
കൊവിഡ് ജില്ലയിൽ
മെഡിക്കൽ കോളേജിൽ മരിച്ചത് 356 പേർ
തൃശൂർ: പ്രധാന കൊവിഡ് കെയർ സെന്ററായ മെഡിക്കൽ കോളേജിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത് 356 പേർ. മറ്റു ജില്ലകളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടും. രാജ്യത്ത് ആദ്യമായി കൊവിഡ് പൊസിറ്റീവ് രോഗിയെ ചികിത്സിച്ചതും മെഡിക്കൽ കോളേജിലായിരുന്നു. ജനുവരി 30 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യരോഗിയെ ഫെബ്രുവരി 23 നാണ് ഡിസ്ചാർജ് ചെയ്തത്.
ആദ്യഘട്ടത്തിൽ മുഴുവൻ രോഗികളെയും മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും ജില്ലയിൽ ഫസ്റ്റ്ലൈൻ കൊവിഡ് കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ ഗുരുതര രോഗം ഉള്ളവരെ മാത്രമാണ് ഇവിടെ പ്രവേശിപ്പിച്ചത്. ജനപ്രതിനിധികൾ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കൊവിഡ് ആശുപത്രി സജ്ജീകരിച്ചത്.
515 പേർക്ക് കൊവിഡ്
തൃശൂർ: ഇന്നലെ 515 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 590 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,755 ആണ്. തൃശൂർ സ്വദേശികളായ 95 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 74,545 ആണ്. 68,244 പേരാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 501 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ട് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി.