
തൃശൂർ: ദേശീയപാത കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി സ്കൂട്ടറിലും കാറിലും ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ഇതിനുപുറമേ, ടെമ്പോ ട്രാവലറും രണ്ട് പിക്കപ്പ് വാനുകളും ഇടിച്ചു മറിച്ചു. പാലക്കാട് സ്വദേശികളായ മലപ്പാറ പുത്തൻവീട്ടിൽ കുമാരന്റെ മകൻ നിഖിൽ (28), മഞ്ഞപ്ര ഷീല നിവാസിൽ മുരളീധരന്റെ മകൻ വിജേഷ് (24), എറണാകുളം പൂക്കാട്ടുപടി സ്വദേശി കിഴക്കമ്പലം ആശാരിപ്പടി റോഡിൽ ശിശിരം ഹൗസിൽ ചന്ദ്രന്റെ മകൻ സോബിൻ (35) എന്നിവരാണ് തത്ക്ഷണം മരിച്ചത്. നിഖിലും വിജേഷും സ്കൂട്ടറിലായിരുന്നു. സോബിൻ കൊച്ചിയിലെ ഇൻഫോപാർക്ക് ജീവനക്കാരനാണ്. കോയമ്പത്തൂരിലെ യൂണിയൻ ബാങ്ക് മാനേജരായ ഭാര്യ രമ്യയെ അവിടെയാക്കിയശേഷം വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. സംസ്കാരം സ്വദേശമായ കണ്ണൂരിലെ പള്ളൂരിൽ നടക്കും. അമ്മ: സുരജ. മകൻ: അനിരുദ്ധ് സോബിൻ. സോബിനൊപ്പം കാറിലുണ്ടായിരുന്ന പാലക്കാട് ചേറ്റൂർ നെയ്യാപ്പിള്ളി ബാലന്റെ മകൻ കാർത്തിക്ക് (35) കണ്ണിന് പരിക്കേറ്റ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാതയിൽ കുതിരാനിൽ ഇറക്കത്തിൽ വഴുക്കുംപാറ കുരിശ് പള്ളിക്ക് സമീപം ഇന്നലെ രാവിലെ 6.45നായിരുന്നു സംഭവം.
തമിഴ്‌നാട്ടിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മുന്നിലും എതിർദിശയിലുമായി വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. മുന്നിൽപോയിരുന്ന സ്‌കൂട്ടറിൽ ആദ്യം പാഞ്ഞുകയറി. അതിനു മുന്നിലുണ്ടായിരുന്ന ടെമ്പോ ട്രാവലറിൽ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ച് മറിച്ച് കാറിന് മുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
കാറിൽ കുടുങ്ങിക്കിടന്ന കാർത്തിക്കിനെ ഏറെ സമയത്തിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ ചോറൂണിന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലറിലെ യാത്രക്കാർ. ഇവർക്ക് കാര്യമായ പരിക്കുകളില്ല. മൂന്നു മൃതദേഹങ്ങളും തൃശൂർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു. ഹൈവേ പൊലീസിന്റെയും പീച്ചി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടന്നത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ, എ.സി.പി വി.കെ. രാജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.