
തൃശൂർ: പുതുവർഷത്തിൽ കൂടുതൽ സന്ദർശകരെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂർ മൃഗശാല. നവംബർ മൂന്നു മുതൽ തന്നെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും മൃഗശാലയിലേക്കെത്തുന്ന ആളുകളുടെ എണ്ണം താരതമ്യേന കുറവാണ്. പുതുവർഷത്തിൽ കൂടുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം.
കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചുവേണം മൃഗശാലയിൽ സന്ദർശനം നടത്താൻ. കൈകൾ അണുവിമുക്തമാക്കി, താപനിലയളന്ന്, പേരുവിവരങ്ങൾ രേഖപ്പെടുത്തി മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. സാമൂഹിക അകലവും സുരക്ഷയും കൃത്യമായി പാലിക്കണം. വലിയ ഗേറ്റ് അടച്ചിട്ട് തൊട്ടരികിലെ ചെറിയ ഗേറ്റ് വഴിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.
പത്തു വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ലാത്തതിനാൽ ത്രീഡി തിയേറ്ററും ചിൽഡ്രൻസ് പാർക്കും തുറന്നിട്ടില്ല. മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് പോലെ തിങ്കളാഴ്ച ദിവസങ്ങളിൽ അവധിയാണ്. മൃഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ ആദ്യം മുതലേ വേണ്ട ജാഗ്രത പുലർത്തിയതിനാൽ യാതൊരു ആശങ്കയ്ക്കും ഇടവന്നിട്ടില്ല. മൃഗങ്ങൾക്കുള്ള ഭക്ഷണം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കഴുകിയാണ് നൽകുന്നത്. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറുന്നതോടെ തൃശൂർ മൃഗശാലയ്ക്ക് നല്ല കാലം വരുമെന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതർ.
വാഴച്ചാൽ, തുമ്പൂർമുഴി കേന്ദ്രങ്ങൾ ഇന്ന് തുറക്കും
ചാലക്കുടി: ലോക്ക് ഡൗണിന് ശേഷം വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും. ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റാണ് തുമ്പൂർമുഴി പാർക്ക് തുറക്കുന്ന കാര്യം അറിയിച്ചത്. അതിരപ്പിള്ളി നേരത്തെ തുറന്നെങ്കിലും കൊവിഡ് ഭീതിയിൽ വാഴച്ചാലിലേക്ക് വിനോദ സഞ്ചാരികളെ കയറ്റി വിടുന്നതിൽ വനം വകുപ്പ് തീരുമാനം എടുത്തിരുന്നില്ല. കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചായിരിക്കും ആളുകൾക്ക് പ്രവേശനമെന്ന് ഡിവിഷൽ ഓഫീസറുടെ ഉത്തരവിൽ വ്യക്തമാക്കി. തുമ്പൂർമുഴിയിലും നിബന്ധനകളുണ്ട്.
കർശന പരിശോധനയുമായി പൊലീസ്
തൃശൂർ: പുതുവത്സര ആഘോഷം അതിരു കടക്കാതിരിക്കാൻ കർശന പരിശോധനയുമായി പൊലീസ്. സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും പരിശോധന നടത്തിയത്. രാത്രി പത്തിന് ശേഷം കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. രാത്രിയിൽ മുഴുവൻ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമേ വിട്ടയച്ചുള്ളൂ. ട്രാഫിക് നിയമം ലംഘിച്ചവർക്കെതിരെ പിഴ അടപ്പിച്ച ശേഷമാണ് വിട്ടയച്ചത്. നഗരത്തിൽ എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക്, വനിതാ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിലും പരിശോധന നടന്നു.