പുതുക്കാട്: പാലിയേക്കര ടോളിൽ പ്രദേശവാസികൾ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി മണലിപ്പുഴയ്ക്ക് കുറുകെ നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. രണ്ട് പഞ്ചായത്തുകളുടെ അനുമതിയും സർക്കാരിന്റെ അനുമതിയും ലഭ്യമായാൽ ജില്ലാ പഞ്ചായത്തിന് പാലം യാഥാർത്യമാക്കാൻ സാധിക്കും.

പാലം പണിയുന്നത് ഒരു തരത്തിലും ടോൾ കരാറിനെ ബാധിക്കില്ല. ഇപ്പോൾ അനുവദിച്ച സർക്കാർ സൗജന്യം എല്ലാ വാഹന ഉടമകൾക്കും ലഭിക്കുന്നില്ല. 10 കിലോമീറ്റർ ചുറ്റളവിലെ പുതിയ വാഹന ഉടമകൾക്കും കാർഡില്ലാത്ത പഴയ വാഹന ഉടമകൾക്കും ആനുകൂല്യം ലഭിക്കില്ല. ദിനം പ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതും മാറിവരുന്ന ടോൾനിയമങ്ങളും പ്രദേശവാസികൾക്ക് ദുഷ്‌കരമാകുന്നുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.