കൊടുങ്ങല്ലൂർ: യഥാർത്ഥ ഇന്ത്യൻ ജനജീവിതം മനസ്സിലാക്കപ്പെടുന്നത് ഭാഷാ സാഹിത്യത്തിലൂടെ ആണെന്നും ഒരേ ഭാഷയിൽ പല സാഹിത്യവും പല ഭാഷയിൽ ഒരു സാഹിത്യവും എന്നതാണ് ഇന്ത്യൻ സാഹിത്യത്തിലെ പ്രത്യേകത എന്നും കവി പി. സച്ചിദാനന്ദൻ. പുല്ലൂറ്റ് കെ.കെ.ടി.എം ഗവൺമെന്റ് കോളേജിൽ ഇന്ത്യൻ സാഹിത്യം ഒന്നോ പലതോ? എന്ന വിഷയത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു വേണ്ടി എല്ലാ ജാതിയും മതങ്ങളും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അത് ഒരു മതത്തിന്റെ മാത്രം ആക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് ടി.എ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. ജി. ഉഷാകുമാരി, ഡോ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിപാടിയിൽ അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.