 
ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ഹസീന താജുദ്ദീനെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ മൂക്കൻ കാഞ്ചനയാണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എട്ടാം വാർഡിൽ നിന്ന് വിജയിച്ച ഹസീന താജുദ്ദീനെ ഒന്നാം വാർഡ് മെമ്പർ മൂക്കൻ കാഞ്ചന നിർദ്ദേശിച്ചു. ആറാം വാർഡ് മെമ്പർ വി.പി. മൻസൂർ അലി പിൻതാങ്ങി.
എൽ.ഡി.എഫിൽ രണ്ടാം വാർഡിലെ പ്രസന്ന ചന്ദ്രനെ പതിനാറാം വാർഡ് മെമ്പർ ടി.കെ. രവീന്ദ്രൻ നിർദ്ദേശിച്ചു. ഒമ്പതാം വാർഡ് മെമ്പർ സെമീറ ഷെരീഫ് പിന്താങ്ങി. 16 അംഗ പഞ്ചായത്തിൽ ഒമ്പത് വോട്ടുകൾ നേടിയാണ് ഹസീന താജുദ്ദീൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ പ്രസന്ന ചന്ദ്രന് അഞ്ചു വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
റിട്ടേണിംഗ് ഓഫീസർ കെ.കെ. സത്യഭാമ, ഹസീനയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കടപ്പുറം പോക്കാക്കില്ലത്ത് താജുദ്ദീന്റെ ഭാര്യയാണ് ഹസീന. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലെ കടപ്പുറം ഡിവിഷൻ മെമ്പറായിരുന്നു. തിരഞ്ഞെടുപ്പിനെ തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ അനുമോദന യോഗം നടന്നു.
സെക്രട്ടറി ഇൻ ചാർജ് പി.ഐ. അബ്ദുൾ ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുഞ്ഞി, തെക്കരകത്ത് കരീം ഹാജി, പി.എ. ഷാഹുൽ ഹമീദ്, കെ.യു. അഷ്‌റഫ്, കെ. നജീബ് തുടങ്ങിയവർ സന്നിഹിതരായി.