ചാലക്കുടി: കാടുകുറ്റി പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് എൽ.ഡി.എഫ് ഭരണ സമിതിയുടെ മുഖ്യ ലക്ഷ്യമെന്ന് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്. കൃഷി, ജലസേചനം എന്നിവയുടെ വികസനം ആദ്യം നടപ്പാക്കുമെന്നും നിയുക്ത പ്രസിഡന്റ് കേരളകൗമുദിയോട് പറഞ്ഞു.
അന്നനാട് മേഖലയിലെ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി അടുത്ത ദിവസം മുതൽ സുഗമമാക്കുന്നതിന് നടപടിയെടുത്തു. പൊതു കളിസ്ഥലമെന്ന പ്രഖ്യാപനം നടപ്പിലാക്കും. കൂടുൽ പേരിലേക്ക് സാമൂഹിക പെൻഷൻ എത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 1957ൽ രൂപീകൃതമായ പഞ്ചായത്തിൽ ഇതുവരെ വെറും എട്ടുവർഷമാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. ഒരു വ്യാഴവട്ടക്കാലം മുമ്പായിരുന്നു അവസാനം ഭരണത്തിലുണ്ടായത്.
ജനങ്ങൾ വളരെയേറെ പ്രതീക്ഷയോടെയാണ് ഇത്തവണം ഭരണം എൽ.ഡി.എഫിനെ ഏൽപ്പിച്ചത്. തീർച്ചയായും അവരുടെ പ്രതീക്ഷകൾ പൂവണിയുന്ന ഭരണം കാഴ്ച വയ്ക്കും. പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് പറഞ്ഞു. പ്രതിപക്ഷത്തെയും എല്ലാ വിഭാഗം ജനങ്ങളെയും സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുകയെന്നും പ്രസിഡന്റ് തുടർന്നു പറഞ്ഞു.