thattupalam

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലം അപകടക്കെണിയായി മാറിയിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയെന്നാക്ഷേപം. ദേശീയപാതയെയും സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പള്ളിക്കൽ റോഡിലേക്കുള്ള പ്രവേശന കവാടമാണ് തട്ടുപാലം. ശബരിമല സീസൺ കൂടിയായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. അമിത വേഗതയിൽ ഹൈവേയിലൂടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകവേ പള്ളിക്കൽ റോഡിലേക്ക് വാഹനങ്ങൾക്ക് തിരിഞ്ഞുകയറാൻ വളരെ പ്രയാസകരമാണ്.

ദേശീയപാതയ്ക്ക് താത്കാലിക വീതികൂട്ടൽ നടപടി പുരോഗമിക്കുന്നുണ്ടെങ്കിലും തട്ടുപാലത്തെ അപകടാവസ്ഥയ്ക്ക് പരിഹാരംകാണാൻ ഇനിയും നടപടികളൊന്നും ഉണ്ടായിട്ടില്ല. കല്ലമ്പലം ഭാഗത്ത് നിന്ന് വരുന്ന സർവീസ് ബസുകൾ ഉൾപ്പെടെയുള്ളവ പള്ളിക്കൽ ഭാഗത്തേക്ക് തിരിയുന്നത് അപകടകരമായ രീതിയിലാണ്.

ട്രാഫിക് സംവിധാനമോ വേഗത നിയന്ത്രണ സംവിധാനമോ ഇല്ലാത്ത ഇവിടെ ഡ്രൈവർമാരുടെ മനഃസാന്നിദ്ധ്യം മാത്രമാണ് ഏക മുതൽക്കൂട്ട്.

ദീർഘദൂര ബസുകൾ ഉൾപ്പെടെ ട്രെയിലറുകളും തട്ടുപാലത്തെ വീതി കുറഞ്ഞ ദേശീയപാത കടന്നുപോകുന്നത് ഏറെ പണിപ്പെട്ടാണ്. അര കിലോമീറ്റർ ദൂരത്തിൽ റോഡിനിരുവശവും താഴ്ചയേറിയ ഭാഗങ്ങളായതിനാൽ അപകടത്തിൽ പെടുന്ന വാഹനങ്ങൾ കുഴിയിലേക്ക് മറിയുകയാണ് പതിവ്.

നാവായിക്കുളം കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ്, കൃഷി ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസുകൾക്കു പോലും റോഡ്‌ മറികടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും വാക്ക് തർക്കങ്ങൾക്കും കാരണമാകുന്നു.

മൂന്നു ബാറുകളുള്ള നാവായിക്കുളം പഞ്ചായത്തിലെ ഒരു ബാറും തട്ടുപാലത്താണ് പ്രവർത്തിക്കുന്നത്. അടിക്കടി അപകടം നടക്കുന്ന തട്ടുപാലത്ത് പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലെന്നുള്ളതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. അപകടങ്ങൾ നടക്കുന്ന കാലയളവിൽ മാത്രം പൊലീസ് സാന്നിദ്ധ്യം കുറച്ചു ദിവസത്തേക്ക് ഏർപ്പെടുത്തുന്ന രീതി മാറ്റി ഇവിടെ സ്ഥിരം ട്രാഫിക് സംവിധാനമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.