
തിരുവനന്തപുരം: പാർലമെന്റിലെ ഭൂരിപക്ഷത്തെ, ഏകാധിപത്യം അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് മോദി സർക്കാർ വിനിയോഗിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച അനിശ്‌ചിതകാല സത്യഗ്രഹത്തിന്റെ മൂന്നാം ദിവസം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യമാകെ സമരരംഗത്തിറങ്ങിയിട്ടും കേരളത്തിലെ പ്രതിപക്ഷം ഇതിനെക്കുറിച്ച് മിണ്ടിയിട്ടേയില്ല. സംഘപരിവാർ ഒഴികെയുള്ള മുഴുവൻ പേർക്കും ഈ സമരത്തിൽ യോജിക്കേണ്ടിവരുമെന്നും ഈ സമരം വിജയിക്കുക എന്നത് നാട് നിലനിൽക്കാൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ബാലഗോപാൽ, ആനാവൂർ നാഗപ്പൻ, ജെ. വേണുഗോപാലൻ നായർ, ജി.ആർ. അനിൽ, വിജയകുമാർ, കെ.സി. വിക്രമൻ, കെ.ജെ. തോമസ്, കോളിയൂർ സുരേഷ്, ഉഴമലയ്ക്കൽ വേണുഗോപാൽ, തമ്പാനൂർ രാജീവ് എന്നിവർ പങ്കെടുത്തു.