
പൂവാർ: അരുമാനൂർ ശൂലംകുടിയിലെ കുളിക്കടവ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ പ്രദേശത്തെ ജനങ്ങൾ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന കടവാണ് ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. റോഡിന്റെ വശങ്ങളും കടവിന്റെ പടിക്കെട്ടും മാലിന്യത്താൽ മൂടിക്കഴിഞ്ഞു. തോട് മുഴുവൻ കാട്ടുചെടികളും മുൾപ്പടർപ്പും കൊണ്ട് മൂടി. റോഡിന് കിഴക്കുവശം വരെ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയിരുന്നു. എന്നാൽ കടവും പടിക്കെട്ടും ആരും വൃത്തിയാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നേരത്തെ തീരപ്രദേശത്തു നിന്നുള്ളവർപോലും ഇവിടേക്ക് കുളിക്കാനും നനയ്ക്കാനും എത്തുമായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കടവിന്റെ ശനിദശ ആരംഭിച്ചത്. താമരക്കുളം, കാട്ടുകുളം, പനച്ചമുട്ടുകുളം, ശാസ്താംകുളം എന്നിവിടങ്ങളിൽ നിന്ന് കൈപ്പുരി ഏലായുടെ നടുവിലൂടെ ഒഴുകിവരുന്ന വെള്ളമാണ് ഈ കടവിലെത്തുന്നത്. ഒരിക്കലും വെള്ളംവറ്റാത്തതാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ പ്രദേശത്തെ നീർച്ചാലുകൾ കുറ്റിച്ചെടികൾ വളർന്ന് മൂടിയതിനാൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മാലിന്യം മാറ്റുകയും കടവ് വൃത്തിയാക്കുകയും ചെയ്താൽ പ്രദേശം മാലിന്യം മുക്തമാവുകയും കടവ് ഉപയോഗപ്രഥമാവുകയും ചെയ്യും. ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.