തിരുവനന്തപുരം: പുതിയ നഗരസഭ കൗൺസിൽ അധികാരത്തിലേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പായിരിക്കും അധികാരത്തിലെത്തുന്ന മുന്നണിയുടെ ഏറ്റവും വലിയ വെല്ലുവിളി. ചാല പൈതൃക തെരുവ്, പാളയം മാർക്കറ്റ് നവീകരണം, സ്‌മാർട്ട് റോഡുകൾ, രാജാജി നഗറിലെ ഫ്ലാറ്റ് സമുച്ചയം, മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം തുടങ്ങിയ വമ്പൻ പദ്ധതികളുടെ പൂർത്തീകരണത്തിന് നിരവധി കടമ്പകൾ കടക്കേണ്ടിവന്നേക്കാം. പല പദ്ധതികളും പ്രാരംഭ ദിശയിലാണ്. ചാല, പാളയം മാർക്കറ്റുകളിലെ കച്ചവടക്കാരുടെ പുനരധിവാസമടക്കമുള്ള പ്രവർത്തനങ്ങൾക്ക് സമയം ആവശ്യമാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാതെവന്നാൽ കേന്ദ്ര ധനസഹായം നഷ്ടമാകും. 2022 മാർച്ചിലാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്.
1538.2 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ചെറുതും വലുതുമായ 40ഓളം പദ്ധതികളാണ് പ്രോജക്ടിലുള്ളത്. ഓരോ പദ്ധതിക്ക് കീഴിലും മറ്റ് വിവിധ ചെറുപദ്ധതികളുമുണ്ട്. 40 പദ്ധതികളിൽ ഏകദേശം 12 പദ്ധതികളുടെ 80 ശതമാനമാണ് പൂർത്തിയായത്. സ്‌മാർട്ട് റോഡുകളുടെ നിർമാണം പാതി പോലും പൂർത്തിയായിട്ടില്ല. 113.62 കോടി രൂപ ചെലവിട്ടുള്ള പാളയം മാർക്കറ്റ് നവീകരണത്തിനും കാലതാമസമെടുക്കും. രാജാജി നഗറിലെ ഫ്ലാറ്റുകളുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. പുത്തരിക്കണ്ടം മൈതാനം ഓപ്പൺ തിയേറ്റർ, കനകക്കുന്നിലെ ചിൽഡ്രൻസ് പാർക്ക് പദ്ധതികൾ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരും. മൾട്ടിലെവൽ പാർക്കിംഗ് സംവിധാനങ്ങൾ പൂർത്തിയാകാനും ഒരു വർഷത്തിലധികം സമയമെടുക്കും. ചെറിയ പ്രോജക്ടുകളൊക്കെ ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് സ്‌മാർട്ട് സിറ്റി അധികൃതരുടെ ശ്രമം.
പൂർത്തിയായ പദ്ധതികൾ
ഇ-ഓട്ടോ വിതരണം, ഇ-റിക്ഷ വിതരണം, ഗാന്ധി പാർക്കിലെ ഓപ്പൺ ജിം, ഗാന്ധി പാർക്കിലെ ഇ -ചാർജിംഗ് സ്റ്റേഷൻ, ടോയ്ലെറ്റ് കോംപ്ലക്‌സുകൾ, രണ്ട് സ്‌മാർട്ട് ബസ് സ്റ്റോപ്പുകൾ, സ്‌മാർട്ട് സിറ്റി പരിധിയിലെ ജലവിതരണ പദ്ധതി
'' പല പദ്ധതികളും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ നടപ്പാക്കാൻ സാധിക്കില്ല. പുനരധിവാസം നല്ല രീതിയിൽ നടത്തുക ശ്രമകരമാണ്. പുതിയ കൗൺസിൽ അധികാരത്തിലെത്തിയ ശേഷം മീറ്റിംഗ് നടത്തി തുടർ നടപടികൾ ചർച്ച ചെയ്യും.
- സനൂപ് ഗോപീകൃഷ്‌ണൻ, ജനറൽ മാനേജർ,
സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്രഡ്