
ഗണേശപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ദേവിഭാഗവതം തുടങ്ങിയ തത്ത്വാധിഷ്ഠിത ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉല്പത്തിശാസ്ത്ര രഹസ്യവും ജ്യോതിഷ ബ്രഹ്മരഹസ്യ പരിവർത്തന കാര്യങ്ങളും മനസിലാക്കുന്നത്. കാലചക്രരാശി ആരംഭിക്കുന്നത് മേടം രാശിയിൽ നിന്നാണ്. മേടം മുതൽ പത്താം രാശിയായ മകരത്തിൽ ശനി കണ്ടകനായി നിൽക്കുന്നു. 2020 ജനുവരി 24 മുതൽ 2022 ഏപ്രിൽ 28 വരെ പ്രപഞ്ചത്തിന് കണ്ടകശ്ശനി കാലമാകുന്നു. കാലചക്രരാശിയിൽ ശരീരം, ആയുസ് എന്നിവയുടെ ഭാവനാഥനായ ചൊവ്വാഗ്രഹത്തിന് രോഗമരണകാരകനായ ശനിയുമായി യോഗം വരുന്നതിനാൽ യമകണ്ഠ അഗ്നിമാരുതയോഗലക്ഷണമാണ് കാണുന്നത്. 2020 മേയ് 4ന് രാത്രി 8 മണി 43 മിനിട്ട് വരെ അഗ്നിമാരുത യോഗകാലമായിരുന്നു. ജീവകാരകൻ വ്യാഴത്തിന് പാപഗ്രഹയോഗത്താൽ ചണ്ഡാല ഗ്രഹണം വരുന്നതിനാൽ അന്ധകാര കാളസർപ്പയോഗവും വസുന്ധരായോഗവും വന്നുചേരും. 2020 ജൂൺ മാസം 30ന് രാവിലെ 5 മണി 30 മിനിട്ട് വരെ വസുന്ധരായോഗ ലക്ഷണമായിരുന്നു.
2017 ഒക്ടോബർ 26 മുതൽ 2020 ജൂൺ 30 വരെ അനിഷ്ടകാലമായിരുന്നു. ഈ പ്രപഞ്ച ദുരിത അനിഷ്ടാകാലങ്ങളിൽ പ്രളയം, വരൾച്ച, ഉഷ്ണതരംഗം (കൊടും ചൂട്) പകർച്ചവ്യാധികൾ, മഹാമാരി, സുനാമി, കലാപം, യുദ്ധം, അഗ്നിപർവതം പൊട്ടൽ, സാമ്പത്തിക പ്രതിസന്ധി, ലോക നേതാക്കൻമാരുടെ പതനം തുടങ്ങിയവ ഫലം.
''ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതങ്ങു ഞങ്ങളെ"
ദൈവത്തിന് മാത്രമേ രക്ഷിക്കാനും സംരക്ഷിക്കാനും കഴിയുകയുള്ളൂ. ശരീര ശുചിത്വ പരിചരണത്തോടൊപ്പം എല്ലാ മതത്തിലും ഉള്ള സർവ ദൈവങ്ങളേയും ബോധമനസ് കൊണ്ടും ഉപബോധ മനസ് കൊണ്ടും പ്രാർത്ഥിക്കുന്നത് പ്രകാശം പരത്തി നന്മയെ പ്രദാനം ചെയ്യാൻ ഇടയാക്കും.
ശിവമാലതി ശ്രീകുമാർ
പേട്ട
മിഴിയോരം രസകരം
കേരളകൗമുദിയിൽ ബി. സന്ധ്യ ഐ.പി.എസ് എഴുതുന്ന മിഴിയോരം പംക്തി നല്ല വായനാസുഖം പകരുന്നു. കാവ്യാത്മക ശൈലി. പോസിറ്റീവായ ചിന്തകളും.
എം. പീരുമുഹമ്മദ്
കളിയിക്കാവിള
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'
പ്രധാനമന്ത്രിയുടെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം പ്രത്യക്ഷത്തിൽ നല്ലത് എന്നു തോന്നാമെങ്കിലും പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നായിരിക്കുമത്. അതിന്റെ പ്രധാന കാരണം ഇന്ത്യ എന്ന രാജ്യത്തെ ദേശീയ രാഷ്ട്രീയം വേറെ, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയം വേറെ എന്നതുതന്ന. ദേശീയ തിരഞ്ഞെടുപ്പായ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവനായുള്ള പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾ ഏറെക്കുറെ ഒറ്റകെട്ടായി മത്സരിക്കുമ്പോൾ പ്രാദേശികമായ സംസ്ഥാന അസംബ്‌ളി തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ഈ ഐക്യം കാണാറില്ല . 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതിനുപകരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കുവാനുള്ള അവസരം കൂടി ജനങ്ങൾക്ക് കൊടുക്കുന്നതായിരിക്കും ജനാധിപത്യപരമായി കൂടുതൽ യോജിക്കുക.
എ.കെ.അനിൽകുമാർ,
നെയ്യാറ്റിൻകര