തിരുവനന്തപുരം: ഭാരത് ഭവനും കേരള യൂത്ത് കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡോ. കപിലാ വാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് ഭാരത് ഭവന്റെ നവമാദ്ധ്യമ സർഗ വേദിയിൽ ഓൺലൈനായി അരങ്ങേറും. എട്ട് മുതൽ 15 വരെ ദിവസവും വൈകിട്ട് 7 മുതലാണ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിച്ചിരിക്കുന്നത്. എട്ടിന് നൃത്തോത്സവം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. 15ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. കൊൽക്കത്തയിലെ ഡോ. ശ്രുതി ബാനർജി, മണിപ്പൂരിലെ പ്രൊഫ. ഹേമന്ത് കുമാർ, ഡൽഹിയിലെ കഥക് നർത്തകി മോണിസ നായിക്, ഡോ. രാജശ്രീ വാര്യർ, ഡോ. നീന പ്രസാദ് എന്നിവരാണ് നൃത്തോത്സവത്തിന്റെ ക്യൂറേറ്റർമാർ. ഭരതനാട്യം, മണിപ്പൂരി നൃത്തം, മോഹിനിയാട്ടം, രബീന്ദ്ര നൃത്തം, വിലാസിനി നാട്യം, ചൗ നൃത്തം, കുച്ചിപ്പുടി, കഥക്, സൂഫി നൃത്തം, കഥകളി എന്നീ ഇനങ്ങളിലായി 80 ഓളം നൃത്ത പ്രതിഭകൾ പങ്കെടുക്കും.

നർത്തകരായ അശ്വതി, ശ്രീകാന്ത്,​ പത്മശ്രീ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ ട്രാൻസ്ജൻഡർ നൃത്ത പ്രതിഭ 'നർത്തകി നടരാജൻ, ഡോ. ഐശ്വര്യ വാര്യർ,​ ഷിജിത്ത് നമ്പ്യാർ,​ പാർവതി തുടങ്ങിയവർ ഫെസ്റ്റിവലിന്റെ ഭാഗമാകും. അവതരണങ്ങൾ ഭാരത് ഭവന്റെ ഫേസ്ബുക്ക് പേജിൽ തത്സമയവും തുടർന്ന് ഭാരത് ഭവന്റെ യൂട്യൂബ് ചാനലിലും കാണാവുന്നതാമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ അറിയിച്ചു.