മുടപുരം: ഇടതുമുന്നണിയുടെ കോട്ടയായ കിഴുവിലം ഡിവിഷനിൽ അട്ടിമറി വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ് യു.ഡി.എഫ്. ഇരുമുന്നണികൾക്കും ഭീഷണിയായി ബി.ജെ.പി സ്ഥാനാർത്ഥിയും രംഗത്തുണ്ട്. അതേസമയം മൂന്ന് മുന്നണികളിലുമായി വനിതകളുടെ പോരാട്ടമാണ് കിഴുവിലത്ത് ഇത്തവണ അരങ്ങേറുക. എൽ.ഡി.എഫിന്റെ അഡ്വ. ഷൈലജാ ബീഗം, യു.ഡി.എഫിന്റെ ആർ.കെ. രാധാമണി, ബി.ജെ.പിയുടെ എം.എസ്. വിഷ്ണുപ്രിയ എന്നിവരാണ് ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന മുന്നണി സ്ഥാനാർത്ഥികൾ.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അഡ്വ.ഷൈലജാ ബീഗത്തിന് ഇത് മൂന്നാം അങ്കമാണ്,കിഴുവിലത്ത് നിന്ന് രണ്ടാം മത്സരവും. പാരമ്പര്യമായി ഡിവിഷന്റെ ഇടത് ചായ്‌വും മുൻ പ്രതിനിധിയെന്ന നിലയിലുള്ള പരിചയവും അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയുമുണ്ട്. എസ്.എഫ്.ഐയിലൂടെ സംഘടനാ രംഗത്തെത്തിയ അഡ്വ. ഷൈലജാ ബീഗം സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കൊച്ചാലുംമൂട് എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ആർ.കെ. രാധാമണിയാണ് കിഴുവിലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി. 25 വർഷക്കാലമായി പൊതുരംഗത്തെ സജീവ സാന്നിദ്ധ്യവും തുടർച്ചയായി മൂന്ന് തവണ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നിന്നുള്ള ജനപ്രതിനിധിയുമാണ്. നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമാണ്. മഹിളാ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ബാലഗോകുലത്തിലൂടെ സംഘടനാ രംഗത്തെത്തിയ എം.എസ്. വിഷ്ണുപ്രിയയാണ് ഇടത് വലത് മുന്നണികൾക്കെതിരെ മത്സരരംഗത്തുള്ള ബി.ജെ.പി സ്ഥാനാർത്ഥി.മഹിളാമോർച്ച ചിറയിൻകീഴ് മണ്ഡലം സെക്രട്ടറിയാണ്. 2015ൽ ജില്ലാ പഞ്ചായത്ത് മുദാക്കൽ ഡിവിഷനിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ശക്തമായ ബഹുജന സമരമുഖത്തിൽ നിറസാന്നിദ്ധ്യമായിരുന്നു.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ ഏഴും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ ഒൻപതും കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഇരുപതും മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ നാലും ഉൾപ്പെടെ 40 വാർഡുകൾ ഉൾപ്പെട്ടതാണ് കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.