കോവളം: വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നിലനിറുത്താൻ ബി.ജെ.പിയും അട്ടിമറിക്കാൻ കോൺഗ്രസും സി.പി.എമ്മും തന്ത്രങ്ങൾ മെനയുമ്പോൾ ഇക്കുറി പോരാട്ടം ശക്തമാകും. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന സീറ്റ് ഇക്കുറി ജനറലാണ്. സീറ്റ് നിലനിറുത്താൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ എസ്. സുരേഷിനെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വിവിധ സംഘടനകളിൽ നേതൃസ്ഥാനം വഹിച്ചിട്ടുള്ള സുരേഷിന് ഇതേ ഡിവിഷനിൽ രണ്ടാമങ്കമാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കല്ലിയൂർ എസ്. ഉദയകുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ കോൺഗ്രസിലെത്തിയ ഉദയകുമാർ 2000ത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2010ൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗവും 2012ൽ കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന റൂഫസ് ഡാനിയലിന്റെ മകനും എം. ടെക് വിദ്യാർത്ഥിയുമായ ഭഗത് റൂഫസാണ് ഡിവിഷനിൽ എൽ.ഡി.എഫിന്റെ (എൽ.ജെ.ഡി ) സ്ഥാനാർത്ഥി. കോളേജ് പഠന കാലത്ത് യുവജനതാദളിലൂടെയാണ് ഭഗത് പൊതുപ്രവർത്തന രംഗത്തെത്തിയത്. നിലവിൽ ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ സെക്രട്ടറിയാണ്. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ 20,​ കല്ലിയൂർ - 21,​ പള്ളിച്ചൽ - 12,​ ബാലരാമപുരത്തെ മൂന്ന് വാർഡുകൾ എന്നിവ ഉൾപ്പെടെ 56 വാർഡുകൾ ചേർന്നതാണ് വെങ്ങാനൂർ ഡിവിഷൻ. കഴിഞ്ഞ തവണ ബി.ജെ.പിയുടെ ലതാകുമാരി 570 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്.