
വിതുര: നിലനിറുത്താൻ ഇടതുമുന്നണിയും പിടിച്ചടക്കാൻ യു.ഡി.എഫും അട്ടിമറി ജയത്തിന് എൻ.ഡി.എയും കച്ചമുറുക്കിയതോടെ തൊളിക്കോട് പഞ്ചായത്തിലെ പോരാട്ടം തീപാറും. യു.ഡി.എഫിന് നല്ല മേൽക്കൈയുള്ള പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഭരണം എൽ.ഡി.എഫിനാണ്. എന്നാൽ ഇത്തവണ മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി പഞ്ചായത്ത് പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കോൺഗ്രസ് 14 സീറ്റിലും മുസ്ലിംലീഗ് ഒരു സീറ്റിലും ആർ.എസ്.പി ഒരു സീറ്റിലുമാണ് യു.ഡി.എഫിൽ നിന്ന് മത്സരിക്കുന്നത്. കോൺഗ്രസിന്റെ രണ്ട് മണ്ഡലം പ്രസിഡന്റുമാരും കളത്തിലുണ്ട്. ഇടതുമുന്നണിയിൽ സി.പി.എം 13 സീറ്റിലും സി.പി.എെ രണ്ട് സീറ്റിലും ലോക് താന്ത്രിക് ജനതാദൾ ഒരു സീറ്റിലും മത്സരിക്കുന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും ഇടതു സ്ഥാനാർത്ഥികളായി രംഗത്തുണ്ട്.
ശക്തമായ മത്സരം നടക്കുന്ന തോട്ടുമുക്ക് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ലോക്കൽകമ്മിറ്റി സെക്രട്ടറിയും പനയ്ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ എസ്.എസ്. പ്രേംകുമാറാണ് രംഗത്തുള്ളത്.
ബ്ലോക്ക് പഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ തോട്ടുമുക്ക് അൻസാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായി ബി. കൃഷ്ണൻനായരും രംഗത്തെത്തിയതോടെ കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ ഷംനാനവാസ് തൊളിക്കോട് ടൗൺ വാർഡിലും മത്സരരംഗത്തുണ്ട്. മുൻ പഞ്ചായത്തംഗം ഷെമി ഷംനാദാണ് മുഖ്യ എതിരാളി. മറ്ര് വാർഡുകളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാൽ പഞ്ചായത്ത് ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ ഒരു മുന്നണിക്കും അവകാശവാദം ഉന്നയിക്കാനാകാത്ത അവസ്ഥയാണ്.
മുൻ ബ്ലോക്ക് പ്രസിഡന്റ് സ്വതന്ത്ര
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ശോഭനാജോർജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുള്ളതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊളിക്കോട് ഡിവിഷനിലാണ് ഇവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പഞ്ചായത്തംഗമായ എം.പി.സജിതയാണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് ജനറൽ സെക്രട്ടറി തോട്ടുമുക്ക് സലീമിന്റെ മകൾ എസ്.എസ്. ഫർസാനയാണ് യു.ഡി.എഫിനായി രംഗത്തുള്ളത്.