ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീപാറുന്നു. അഞ്ച് ടേണായി തങ്ങൾക്കുളള ആധിപത്യം അരക്കിട്ടുറപ്പിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ എങ്ങനെയെങ്കിലും ഭരണം തിരിച്ചുപിടിക്കാനുളള തയ്യാറെടുപ്പിലാണ് യു.ഡി.എഫ്. പരമാവധി സീറ്റുകൾ നേടി പഞ്ചായത്തിൽ നിർണായക ശക്തിയായി മാറാൻ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. പഞ്ചായത്തിന്റെ ഭരണ സാരഥ്യം കഴിഞ്ഞ തവണ വനിതക്കായിരുന്നു. ഇപ്രാവശ്യം ജനറൽ കാറ്രഗറിയിലാണ് പ്രസിഡന്റ് സ്ഥാനം.
സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഭരണ നേട്ടങ്ങൾ പറഞ്ഞ് തുടർ ഭരണത്തിന് എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസും ബി.ജെ.പിയും കളംനിറയുന്നത്. പഞ്ചായത്തിലെ 18 വാർഡുകളിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് എട്ടും യു.ഡി.എഫ് ഏഴും ബി.ജെ.പി രണ്ടും സ്വതന്ത്ര സ്ഥാനാർത്ഥി ഒന്നും സീറ്റുകൾ നേടിയിരുന്നു. സ്വതന്ത്രയെ കൂട്ടുപിടിച്ചാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. ഇക്കുറി എൽ.ഡി.എഫിനായി 17 വാർഡുകളിൽ സി.പി.എമ്മും ഒരു വാർഡിൽ സി.പി.ഐ സ്വതന്ത്രയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിന് നേരിടുന്നത്. ബി.ജെ.പി 17 വാർഡിലും ഒരു വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുമാണ് എൻ.ഡി.എയ്ക്കായി രംഗത്തുള്ളത്. ആകെ 72 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.
ശ്രദ്ധാകേന്ദ്രങ്ങൾ
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ (കൃഷ്ണപുരം വാർഡ്), സി.പി.എം ഏരിയാ കമ്മിറ്റി അംഗം ആർ.അനിൽ (കോളിച്ചിറ വാർഡ്), സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി.അനിലാൽ (മുട്ടപ്പലം വാർഡ്), പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. സുര (റെയിൽവേ സ്റ്റേഷൻ വാർഡ്), സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ആർ. വിജയൻ തമ്പി (കൃഷ്ണപുരം വാർഡ്), അഴൂർ കയർ വ്യവസായ സംഘം പ്രസിഡന്റ് അഴൂർ വിജയൻ, (കോളിച്ചിറ വാർഡ്), യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത് (തെറ്റിച്ചിറ വാർഡ്), മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ഓമന (അഴൂർ ക്ഷേത്രം വാർഡ്), 32 വർഷം ഗ്രാമപഞ്ചായത്തംഗമായിരുന്ന ബി.മനോഹരൻ (ഗാന്ധിസ്മാരകം വാർഡ്), യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത്ത് ( ഗാന്ധിസ്മാരകം വാർഡ് ), മഹിളാ മോർച്ച ജില്ലാ ട്രഷറർ രജിതകുമാരി (കന്നുകാലി വനം വാർഡ്) നിലവിലെ പഞ്ചായത്തംഗം സിജിൻസി (പെരുങ്ങുഴി ജംഗ്ഷൻ വാർഡ്) എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ.