
മടിക്കൈ: എഴുപത് വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന മടിക്കൈയിലെ സി.പി.എം നേതൃത്വം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആവേശത്തിലാണ്. കാസർകോട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയിലേക്ക് മുൻ മടിക്കൈ പഞ്ചായത്ത് അദ്ധ്യക്ഷ പി. ബേബി ബാലകൃഷ്ണനെ പരിഗണിക്കുന്നതാണ് അണികൾക്ക് ആഹ്ലാദം പകരുന്നത്. ഇതിന് മുൻപും മടിക്കൈ ഡിവിഷനിൽ നിന്നും മത്സരിച്ചവർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയിൽ ഇരുന്നിട്ടുണ്ടെങ്കിലും മടിക്കൈയിലെ നേതാക്കളെയാരെയും പരിഗണിച്ചിരുന്നില്ല. ഇടതുമുന്നണി രൂപീകരിച്ചപ്പോൾ മുതൽ മടിക്കൈ ഉൾപ്പെടുന്ന കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം സി.പി.ഐയുടെ കുത്തകയാണ്. ഇതിനാൽ പ്രാദേശിക സി.പി.എം നേതാക്കൾക്ക് അവസരം ലഭിച്ചിരുന്നില്ല. ബേബിയുടെ സ്ഥാനാർത്ഥിത്വത്തോടെ സുപ്രധാന പദവിയിലേക്ക് പരിഗണിക്കപ്പെടുന്നു എന്നതാണ് അണികളുടെ പ്രതീക്ഷ.
മടിക്കൈ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ പദവി വനിതാ സംവരണമായപ്പോഴാണ് 1995ൽ ഡിഗ്രി പഠന കാലത്ത് ബേബി ആദ്യമായി പഞ്ചായത്ത് പ്രസിഡന്റായത്. ബി.എഡ് അടക്കമുള്ള തുടർ പഠനവും ഭരണമികവും ഒരുപോലെ കൊണ്ടുപോയ ബേബിയെ രണ്ടാം വട്ടവും ജനറൽ സീറ്റിൽ പ്രസിഡന്റായി തുടരാൻ സി.പി.എം അനുവദിച്ചു. 2005ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ഇവരെ തിരഞ്ഞെടുത്തിരുന്നു. സി.പി.എം നേതാവായിരുന്ന മടിക്കൈ ബാങ്ക് ജീവനക്കാരൻ നാരായണൻ നായർ കൊല്ലപ്പെട്ട വിവാദങ്ങളുടെ കാലത്ത് സി.പി.എം തനിച്ച് മത്സരിച്ചപ്പോഴാണ് ബേബി ആദ്യമായി പ്രസിഡന്റ് പദവിയിലെത്തുന്നത്. എഴുപത് വർഷത്തെ ഭരണത്തിന് ഇടയിൽ അദ്ധ്യക്ഷ പദവിയിൽ ഇരുന്നവരുടെ ജാതിയിൽ പെടാത്തയാൾ എന്ന പ്രത്യേകതയും ബേബിയ്ക്കുണ്ട്.
2004ൽ ഇന്ത്യയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റാകാനും സാധിച്ചയാളാണ് ബേബി. പഞ്ചായത്ത് പ്ലാൻ ഫണ്ടിന്റെ ആറിരട്ടി തുകയ്ക്ക് വാട്ടർഷെഡ് പദ്ധതി നടപ്പാക്കി ജലക്ഷാമം പരിഹരിച്ച ഇടപെടലും അക്കാലത്ത് ബേബി നടത്തി. ഇതിനിടെ
ബംഗ്ലാദേശിൽ നടന്ന സാർക്ക് ബംഗ്ലാദേശ് പരിപാടിയിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുമായി.
കുടുംബശ്രീ ആരംഭിച്ച കാലം മുതൽ ഗവേണിംഗ് ബോഡി അംഗമായിരുന്ന ബേബി ബൈലോ പരിഷ്കരണത്തിലടക്കം അംഗമായി. ഒന്നര വർഷത്തോളം സോഷ്യോളജി അദ്ധ്യാപികയുമായി. 2010ന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ പദവിയിൽ നിന്നും ഒഴിഞ്ഞതോടെ ലോക ബാങ്കിന്റെ തദ്ദേശ മിത്രം പദ്ധതുടെ ഭാഗമായി ജോലിയിൽ പ്രവേശിച്ചു. ഈ പ്രോജക്ടിൽ കാസർകോട് ജില്ലാ കോ ഓർഡിനേറ്ററായി 2018 വരെ തുടർന്നു. ഇതിനിടെ തൊഴിലുറപ്പ് തൊഴിലാളി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം, മടിക്കൈ ബാങ്ക് പ്രസിഡന്റ് പദവികളും വഹിച്ചു. ബാങ്കിനെ വൈവിദ്ധ്യ വത്കരിച്ച് 10 സൂപ്പർ മാർക്കറ്റുകളും ഹാർഡ് വെയർ ഷോപ്പും പെയിന്റ് കടയും തുടങ്ങിയതോടെ
18 ലക്ഷം രൂപ കടത്തിൽ നിന്നും 48 ലക്ഷം രൂപ ലാഭത്തിലേക്കെത്തിച്ചു. പാലിയേറ്റീവ് രംഗത്തും ബേബിയുടെ സാനിദ്ധ്യമുണ്ട്. ഈ മികവ് ബേബിയ്ക്ക് ജില്ലാ പഞ്ചായത്ത് ഭരണം നയിക്കാൻ തുണയാകുമെന്നാണ് സഹപ്രവർത്തകരുടെ പ്രതീക്ഷ. നഗരസഭാ ജീവനക്കാരനായി വിരമിച്ച ബാലകൃഷ്ണനാണ് ഭർത്താവ്. മകൻ: കിരൺ.