farmers

തിരുവനന്തപുരം: കൃഷിക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരമാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നതെന്നും ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അന്ത്യത്തിന്‌ തുടക്കം കുറിക്കുമെന്നും അഖിലേന്ത്യാ കിസാൻ സഭ വൈസ്‌ പ്രസിഡന്റും സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറുമായ എസ്‌.രാമചന്ദ്രൻപിള്ള പറഞ്ഞു. കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച അനിശ്‌ചിതകാല സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരത്തെ നേരിടാൻ തെറ്റായ പ്രചാരണങ്ങളുമായി ബി.ജെ.പി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്‌. കർഷക പ്രക്ഷോഭത്തിന്‌ ഒാരോദിവസവും ജനകീയ പിന്തുണ കൂടി വരികയാണ്‌. കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാൻ അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർക്ക്‌ കഴിയണം. കൃഷിക്കാരെ മാത്രം ബാധിക്കുന്ന നിയമങ്ങളല്ല കേന്ദ്രം പാസാക്കിയിരിക്കുന്നത്‌. ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കും. കരാർ കൃഷിയുടെ പേരിൽ കൃഷിഭൂമി കോർപറേറ്റുകൾ കൈയടക്കും. ഊഹക്കച്ചവടവും പൂഴ്‌ത്തിവയ്‌പും വ്യാപകമാവും. ഏതളവിലും പൂഴ്‌ത്തിവയ്‌ക്കാനും എത്ര വിലയ്‌ക്കു വിൽക്കാനും അനുമതി നൽകുന്ന നിയമമാണ്‌ ചർച്ച പോലും നടത്താതെ പാസാക്കിയത്‌.

ജെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായിരുന്നു. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, എ.നീലലോഹിതദാസ്,സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.