ആറ്റിങ്ങൽ: വനിതകളുടെ ഭരണസാരത്ഥ്യം കൊണ്ട് ശ്രദ്ധനേടിയ ആറ്റിങ്ങൽ നഗരസഭയിൽ ഇക്കുറി ചെയർമാൻ സ്ഥാനം വനിതയ്ക്കായതോടെ മുന്നണികൾ പോരാട്ടം ശക്തമാക്കി. 31 വാർഡുകളുള്ള ആറ്റിങ്ങൽ നഗരസഭയിൽ മൂന്നു മുന്നണികളിലുമായി 55 വനിതകളാണ് മത്സര രംഗത്തുള്ളത്. വനിതാസംവരണ വാർഡുകൾക്കു പുറമെ ജനറൽ വാർഡുകളിലും വനിതകൾ മത്സരരംഗത്തുണ്ട്. ജനറൽ വാർഡായ ആറാട്ടുകടവ്, ടൗൺഹാൾ വാ‌ർ‌ഡ് എന്നിവയിൽ കോൺഗ്രസും വലിയകുന്ന് വാർഡിൽ ബി.ജെ.പിയും വനിതകളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പതിനഞ്ചാം വാർഡായ വലിയകുന്നിൽ ബി.എസ്.പിയും പതിനെട്ടാം വാർഡായ അട്ടക്കുളത്ത് ആം ആദ്മി പാർട്ടിയും സ്വന്തം ചിഹ്നത്തിൽ മത്സരരംഗത്തുണ്ടെന്നതും പ്രത്യേകതയാണ്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫും ഭരണത്തിന്റെ വീഴ്ചകൾ നിരത്തി യു.ഡി.എഫും ബി.ജെ.പിയും വാർഡുകളിൽ പ്രചാരണം ആവേശത്തിലാക്കി. മുന്നണികൾ മൂന്നുറൗണ്ട് പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. 28,929 വോട്ടുകളുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 21,489 വോട്ടാണ് പോൾ ചെയ്‌തത്. എൽ.ഡി.എഫിന് 9347 വോട്ടും യു.ഡി.എഫിന് 6807 വോട്ടും ബി.ജെ.പിക്ക് 4634 വോട്ടും കഴിഞ്ഞ തവണ ലഭിച്ചിരുന്നു. 1953ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആർ. പ്രകാശത്തിന്റെ നേതൃത്വത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അധികാരത്തിലെത്തിയത്. 1968 മുതൽ 1979 വരെ കോൺഗ്രസ് നഗരസഭ ഭരിച്ചു. 79ലെ തിരഞ്ഞെടുപ്പിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭരണമായി. 1984 മുതൽ 88 വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. 88 മുതൽ 2000 വരെ എൽ.ഡി.എഫ് തുടർച്ചയായി അധികാരത്തിലെത്തി. 2000ൽ വീണ്ടും യു.ഡി.എഫ് വിജയിച്ചു. 2005 മുതൽ തുടർച്ചയായി എൽ.ഡി.എഫ് ഭരണമാണ് ഇവിടെയുള്ളത്.