
വിതുര: തൊളിക്കോട് പഞ്ചായത്തിൽ ജനമനസുകളെ ഒപ്പം കൂട്ടാൻ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത് നാല് സഹോദരങ്ങൾ. മൂന്ന് പേർ യു.ഡി.എഫും ഒരാൾ എൽ.ഡി.എഫും.
പുളിച്ചാമല വാർഡിൽ കോൺഗ്രസ് ടിക്കറ്റിൽ ചേച്ചിയായ ആർ. സുശീല മത്സരിക്കുമ്പോൾ ഇതേ വാർഡുൾപ്പെടുന്ന വിതുര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ അനുജത്തി ശൈലജ ആർ. നായരാണ് ജനവിധി തേടുന്നത്. സഹോദരങ്ങൾ ഒരുമിച്ചാണ് വാർഡുകളിൽ വോട്ട് തേടുന്നത്.
തൊളിക്കോട് പഞ്ചായത്തിലാണ് ജ്യേഷ്ഠനും അനുജനും മത്സരിക്കുന്നത്. എൽ.ഡി.എഫ് ടിക്കറ്റിൽ മുൻ പഞ്ചായത്തംഗമായ ജി. ജയകുമാർ ചെട്ടിയാംപാറ വാർഡിൽ മത്സരിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാത്ഥിയായ ജ്യേഷ്ഠൻ വിനോബാ ശശി തച്ചൻകോട്ടാണ് രംഗത്തുള്ളത്. കഴിഞ്ഞ തവണ മലയടി വാർഡിൽ ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ ജ്യേഷ്ഠനെ തോൽപ്പിച്ച് സി.പി.എം ടിക്കറ്റിൽ മത്സരിച്ച ജയകുമാർ വിജയിച്ച് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി.