
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഇലക്ഷന് മൂന്ന് മുന്നണികളും എടുത്ത് പറയുന്നത് പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ്. കർഷകരും സാധാരണക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും നിറഞ്ഞ മലയോര പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവിൽ അജിത് സ്‌മാരക സിവിൽ സ്‌റ്റേഷൻ നിർമാണത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് വി.വി. അജിത് മരിക്കുന്നത്. തുടർന്ന് ദീപ സുരേഷ് പ്രസിഡന്റായി. സംസ്ഥാന സർക്കാരിന്റെ പദ്ധതികളെല്ലാം മാതൃകാപരമായി നടപ്പാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞു. ആശുപത്രികളും സ്‌കൂളുകളും അങ്കണവാടികളും നവീകരിച്ചു തുടങ്ങിയ നേട്ടങ്ങളാണ് എൽ.ഡി.എഫ് നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. സിവിൽ സ്‌റ്റേഷന്റെ പൂർത്തീകരണം, ഭരണാനുമതി ലഭിച്ച ആനാട്–- നന്ദിയോട് സമഗ്രകുടിവെള്ള പദ്ധതി യാഥാർഥ്യമാക്കൽ, കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ തുടങ്ങിയവയാണ് എൽ.ഡി.എഫിന്റെ വാഗ്ദാനങ്ങൾ.
ഇത്തവണ എൽ.ഡി.എഫിൽ സി.പി.എം 16 വാർഡുകളിലും സി.പി.ഐ രണ്ടിടത്തും ജനവിധി തേടുന്നു. ഇന്നും അടച്ചുറപ്പില്ലാത്ത വീടുകളുള്ളവർക്ക് വാസയോഗ്യമായ വീടുകൾ നൽകാനും പഞ്ചായത്തിലെ 99 ശതമാനം കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന 11 വർഷമായി ഒന്നുമാകാത്ത 60 കോടി രൂപയുടെ കുടിവെള്ള പദ്ധതി പൂർത്തീകരണം എന്നിവക്കാണ് പ്രധാനമായും യു.ഡി.എഫ് പരിഗണന നൽകുന്നത്. യു.ഡി.എഫിൽ 17 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളാണ്. ഒരു വാർഡ് ആർ.എസ്.പിക്ക് നൽകി.
കുടിവെള്ള പദ്ധതി തന്നെയാണ് ബി.ജെ.പിയും മുൻഗണന നൽകുന്നത്. റോഡുകളുടെ ശോചനീയവസ്ഥ,വീട് മെയിന്റനൻസ് എന്നിവക്കാണ് ബി.ജെ.പിയുടെ മറ്റ് വിഷയങ്ങൾ.18വാർഡുകളിലും ബി.ജെ.പി സ്ഥാനാർഥികളുമുണ്ട്. ടൗൺ, ഇളവട്ടം, ആലംപാറ, താന്നിമൂട് എന്നീ വാർഡുകളിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്.