
കുറ്റ്യാടി: കാടുകളിലെ വേറിട്ട കാഴ്ചയാണ് ഏറുമാടങ്ങൾ. ഒറ്റപ്പെട്ട മരങ്ങൾക്ക് മുകളിൽ സദാ ജാഗ്രത പുലർത്താനാണ് കാവൽമാടങ്ങളായി ഏറുമാടങ്ങളെ ഉപയോഗപ്പെടുത്തുക. കാട്ടിൽ വസിക്കുന്ന മൃഗങ്ങളിൽ നിന്നും രക്ഷ നേടാനും നായാട്ടിനുമായിരുന്നു മനുഷ്യൻ ഏറുമാടങ്ങൾ കെട്ടിയിരുന്നത്. വെള്ളക്കാരോട് യുദ്ധം ചെയ്യാൻ വയനാടൻ കാടുകളിൽ എത്തിയ പഴശ്ശിരാജാവിന്റെ അനുയായികൾ ഏറുമാടങ്ങൾ കെട്ടി അതിൽ ഒളിച്ചിരുന്നായിരുന്നു ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്. എന്നാൽ തളീക്കരയിലെ തയ്യുള്ളതിൽ നാസർ ഇതിനൊന്നുമല്ല ഏറുമാടം കെട്ടിയത്. തന്റെ വീടിനടുത്തുള്ള ഈറനണിഞ്ഞ വയലിൽ നിന്നുള്ള കുളിർ കാറ്റ് ഏറ്റുവാങ്ങാൻ പറ്റിയ ഒരിടം. പക്ഷെ, അപ്രതീക്ഷിതമായി എത്തിയ ലോക്ഡൗൺ കാലത്ത് അകലത്തിലിരുന്നതും ഈ ഏറുമാടത്തിൽ തന്നെ. നേരംപോക്കിനു വേണ്ടിയാണ് വീടുനുമുന്നിൽ ഏറുമാടം
എന്ന ആശയം ഞങ്ങളുടെ മനസ്സിൽ ഉദിച്ചതെങ്കിലും പഴമക്കാരുടെ ആശയം പ്രകൃതിയോട് അടുപ്പിച്ചെന്നും, ശാരീക ആരോഗ്യത്തിന് ഗുണപരമായെന്നുമാണ് നാസർ പറയുന്നത്. വീട്ടിനടുത്തുള്ള വയൽ കരയിലെ കമുങ്ങിൻ തോട്ടത്തിലാണ് ഏറുമാടം കെട്ടിപ്പൊക്കിയത്. വൈകുന്നേരങ്ങളിലെ കാഴ്ച കാണാൻ സുഹൃത്തുക്കളിൽ പലരും ദൂരെദിക്കിൽ നിന്നും ഇപ്പോൾ ഇവിടെയെത്താറുണ്ട്. നാസറിന്റെ മകൻ ജദീർ മുഹമ്മദും മകൾ ഫാത്തിമയും എറുമാടത്തിന്റെ പിന്നിൽ പ്രവർത്തിച്ചു. കുറ്റ്യാടി, കായക്കൊടി, തളീക്കര പ്രദേശങ്ങളിലെ സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് തയ്യുള്ളതിൽ നാസർ.