kidney-stone

പലപ്പോഴും ഒരു ഭയങ്കര സംഭവമായി ചിത്രീകരിക്കപ്പെടുന്ന രോഗമാണ് കിഡ്നി സ്റ്റോൺ അഥവ വൃക്കയിലെ കല്ല്. ഈരോഗം കാരണമുള്ള വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

എന്നാൽ, വൃക്കയിലെ കല്ലുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയാൽ അനാവശ്യമായ ആശങ്ക ഒഴിവാക്കാനാകും.

അതോടൊപ്പം ശരിയായ ചികിത്സ ചെയ്ത് കിഡ്നി സ്റ്റോൺ ശമിപ്പിക്കുകയും ചെയ്യാം.

കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ ശരീരത്തിൽ കൂടുതലായി കാണുന്നവരിൽ അവ അടിഞ്ഞുകൂടി കിഡ്നി സ്റ്റോൺ ഉണ്ടാകുകയാണ് പതിവ്.

വൃക്കകളിൽ കല്ല് രൂപം പ്രാപിക്കുമ്പോഴും വലുതാകുമ്പോഴും അത് മനസ്സിലാക്കാനുള്ള എന്തെങ്കിലും ലക്ഷണം ഉണ്ടാകണമെന്നില്ല. എന്നാൽ, അത് മൂത്രവാഹിനി കുഴലുകളിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് വേദന ഉണ്ടാകുന്നത്. അതുവരെ യാതൊരു വേദനയുമില്ല എന്ന കാരണത്താൽ കിഡ്നി സ്റ്റോൺ ഉണ്ടെന്ന് അറിയുകപോലും ചെയ്യാതെ നമുക്ക് ജീവിക്കുവാനാകും. കല്ലുണ്ടെന്നതിനെക്കാൾ അതുണ്ടാക്കുന്ന വേദനയ്ക്കാണ് നമ്മൾ പലപ്പോഴും വലിയ പരിഗണന നൽകുന്നത്.

ഒട്ടും വലുതാകാത്തതു മുതൽ വളരെ വലുതായി മൂത്രാശയം മുഴുവനായി നിറയുന്നവ ഉൾപ്പെടെ പലതരം കിഡ്നി സ്റ്റോണുകൾ കാണാവുന്നതാണ്.

പുരുഷന്മാരിലാണ് ഏറ്റവും കൂടുതലായി കാണുന്നത്. പ്രത്യേകിച്ച്, വണ്ണക്കൂടുതലുള്ളവരിലും പ്രമേഹരോഗികളിലും. ചെറിയ കിഡ്നി സ്റ്റോണുള്ളവരിൽ ചിലപ്പോൾ ഒരു ലക്ഷണവും കണ്ടെന്നുവരില്ല. എന്നാൽ, അത് വൃക്കയിൽ നിന്നുമിളകി മൂത്രവാഹിനി കുഴലുകളിലേക്ക് ചലിക്കുന്ന സാഹചര്യത്തിൽ വളരെ പെട്ടെന്ന് സഹിക്കാൻ കഴിയാത്ത വിധത്തിലുള്ള വേദന ഉണ്ടാകുകയും ചെയ്യും.

ചിലപ്പോൾ ഒരു ചികിത്സയും ചെയ്യാതെ തന്നെ കല്ല് പുറത്തേക്ക് പോകുന്നതായും കാണാറുണ്ട്. പോകാത്തത്രയും വലിപ്പമുള്ളതിനെ പൊടിച്ചോ അലിയിച്ചോ കളയേണ്ടി വരും.

കിഡ്നിയിൽ കാണുന്ന കല്ല്, മൂത്രവാഹിനി കുഴലുകളിലേക്ക് പ്രവേശിച്ചാൽ പിറകുവശത്തു നട്ടെല്ലിന്റെ പാർശ്വ ഭാഗങ്ങളിലും ഇടുപ്പിലും പെട്ടെന്ന് ശക്തിയായി വേദന ഉണ്ടാകുകയും പിന്നീട്, അത് വാരിയെല്ലിനു താഴെ ഭാഗത്തേക്കും വയറിലേയ്ക്കും തുടയിടുക്കിലേക്കും വ്യാപിക്കുകയും ചെയ്യും. പ്രസവവേദനയോടും കത്തികൊണ്ട് കുത്തുന്ന പോലത്തെ വേദനയോടും രോഗികൾ ഇതിനെ ഉപമിക്കാറുണ്ട്.

കല്ലുകൾ പുറത്തേക്ക് പോകാതെ തടസ്സപ്പെട്ടാൽ വൃക്കയിലേക്കുള്ള പ്രഷർ വർദ്ധിച്ച് വേദന കൂടാൻ സാദ്ധ്യതയുണ്ട്. കിഡ്നി സ്റ്റോൺ ചലിക്കുന്നതിനനുസരിച്ച് വേദനിക്കുന്ന സ്ഥലവും മാറിമാറി വരാം.

കിഡ്നി സ്റ്റോണിനെ പുറത്തേക്ക് കളയാൻ മൂത്രസഞ്ചി സ്വയം ചുരുങ്ങുന്ന സമയത്ത് വേദന ഉണ്ടാകുകയും കുറച്ചുസമയം തീവ്രമായി നിലനിൽക്കുകയും പിന്നെ വേദന കുറയുകയും എന്നാൽ വീണ്ടും വേദന വരികയും ചെയ്യാം. കല്ലിന്റെ വലിപ്പവും വേദനയുടെ തീവ്രതയും തമ്മിൽ യാതൊരു ബന്ധവുമില്ല. ചെറിയൊരു കല്ല് കാരണം വളരെ വലിയ വേദന അനുഭവിക്കുന്നവരും വലിയ കല്ലുണ്ടായിട്ടും അൽപ്പം പോലും വേദന ഇല്ലാത്തവരുമുണ്ട്.

മൂത്രം ഒഴിക്കുമ്പോഴുള്ള പുകച്ചിലും വേദനയും മറ്റൊരു ലക്ഷണമാണ്. പലപ്പോഴും ഇത് അണുബാധയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. ചിലപ്പോൾ മൂത്രം പരിശോധിച്ചാൽ അതിന്റെ ലക്ഷണങ്ങൾ കാണുകയും ചെയ്യാം. മൂത്രം പരിശോധിച്ച് മാത്രം കല്ലിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനാകില്ല.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പോകണമെന്ന തോന്നലാണ് മറ്റൊരു ലക്ഷണം. എന്നാൽ, മൂത്രം ശരിയായി പോകണമെന്നില്ല. വളരെ കുറച്ചു മാത്രം പോകുകയും ചെയ്യാം. കല്ല് പുറത്തേക്ക് തെറിച്ച് പോകാൻ സാദ്ധ്യതയുള്ളവരിൽ ഈ ലക്ഷണം കാണാവുന്നതാണ്. ഇതും അണുബാധയാണെന്ന് കരുതാൻ ഇടയാക്കും.

മൂത്രത്തിൽ ചിലപ്പോൾ രക്തം കണ്ടേക്കാം. രക്തം കണ്ട് വല്ലാതെ പേടിക്കുന്നവരുമുണ്ട്. എന്നാൽ നിറം എപ്പോഴും ചുവപ്പ് ആയിക്കൊള്ളണമെന്നില്ല. പിങ്കോ, ബ്രൗണോ ആകാം.

തെളിഞ്ഞതല്ലാത്ത ദുർഗന്ധമുള്ള മൂത്രം കിഡ്നി സ്റ്റോണിന്റെ ഒരു ലക്ഷണമാണ്. ഇത് വൃക്കയിലേയോ മൂത്രാശയത്തിലേയോ അണുബാധയെയാണ് സൂചിപ്പിക്കുന്നതാണ്. മൂത്രം പരിശോധിച്ചാൽ യൂറിനറി ഇൻഫെക്ഷനിൽ കാണുന്നതുപോലെ പഴുപ്പിന്റെ അംശവും കാണാൻ കഴിയും.

ചിലപ്പോൾ മൂത്രം പോകാതിരിക്കുകയോ, തടസ്സപ്പെട്ട് അല്പം മാത്രം പോവുകയോ ചെയ്തേക്കാം. എവിടെയെങ്കിലും മൂത്രം തടസ്സപ്പെടുത്താൻ സാധിക്കുന്ന വലുപ്പത്തിൽകല്ലുണ്ടെന്നാണ് ഇതിൽ നിന്ന് അനുമാനിക്കേണ്ടത്. വൃക്ക, മൂത്രവാഹി കുഴലുകൾ, മൂത്രാശയം എന്നിവകളിലെ തടസ്സം മനസ്സിലാക്കാനായി എക്സ് റേ, അൾട്രാസൗണ്ട് പരിശോധനകൾ നടത്തണം. മൂത്രം അല്പവും പോകാതിരുന്നാൽ ഒരുപക്ഷേ അടിയന്തര ഇടപെടൽ വേണ്ടിവന്നേക്കാം.

മറ്റൊരു പ്രധാന ലക്ഷണമാണ് പനിയും കുളിരും. മറ്റ് പല അവസ്ഥകളിലും ഇത് കാണാമെന്നതിനാൽ അതിന്റേതായ പ്രാധാന്യവും ഇതിൽ പറഞ്ഞ മറ്റു ലക്ഷണങ്ങൾ കൂടി പരിഗണിച്ച് അണുബാധയുടെ സാദ്ധ്യതകളും വിലയിരുത്തണം.

ഭക്ഷണത്തിൽ

ശ്രദ്ധവേണം....

വൃക്കയിൽ കല്ലുകൾ രൂപം കൊള്ളുന്നത് നമ്മുടെ ഭക്ഷണക്രമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വൃക്കയിൽ കല്ലുള്ളവരും അത് വരാൻ സാദ്ധ്യതയുള്ളവരും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ശുദ്ധജല ദൗർലഭ്യമുള്ളിടത്തും ധാതു ലവണങ്ങൾ കൂടുതൽ കലർന്ന കുടിവെള്ളമുള്ളിടത്തും വസിക്കുന്നവർ, ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ ശരിയായി നിർഹരിക്കപ്പെടാത്തവർ, ധാതുലവണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ, മരുന്നുകൾ ഉൾപ്പെടെ കാൽസ്യം അടങ്ങിയവ കഴിക്കുന്നവർ തുടങ്ങിയവർ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

നാരങ്ങയും പൈനാപ്പിൾ ജ്യൂസും കരിക്കിൻ വെള്ളവും തണ്ണിമത്തനും ഉപയോഗിക്കണം.

ചോളവും കാരറ്റും വാഴപ്പഴവും ബാർലിയും മുതിരയും കഴിക്കുന്നവരിലും കിഡ്‌നി സ്റ്റോൺ കുറവാണ്.

സ്റ്റോണിന്റെ അസുഖമുള്ളവർ ഇലക്കറികൾ, തക്കാളി, നിലക്കടല, ബീറ്റ് റൂട്ട്, കറുത്ത മുന്തിരി, കോളിഫ്ലവർ, ബീൻസ്, പാൽക്കട്ടി, മുട്ടയുടെ മഞ്ഞക്കരു, മത്സ്യം പ്രത്യേകിച്ചും ഉണക്കമീൻ, ചെറിയ മുള്ളോട് കൂടിയ നെത്തോലി, കാരൽ എന്നിവയും കൊഞ്ച്, ഞണ്ട് ,ചിപ്പി,കണവ, വാള തുടങ്ങിയ കാൽസ്യം അധികമടങ്ങിയ മീനുകളും കുറച്ചു മാത്രമേ കഴിക്കാവൂ.

കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട വേദന സഹിക്കാവുന്ന അവസ്ഥയിലെത്തിയ ഏതൊരാൾക്കും ആയുർവേദ മരുന്നുകൾ ഫലപ്രദമാണ്.