നെടുമങ്ങാട്: അടിയൊഴുക്കുകൾ വിധി നിർണയിച്ച ചരിത്രമാണ് അരുവിക്കരയെ ശ്രദ്ധേയമാക്കുന്നത്. 1952 -ലാണ് അരുവിക്കര പഞ്ചായത്ത് രൂപീകൃതമായത്. ജി. തങ്കപ്പൻനായർ ആദ്യ പ്രസിഡന്റായി. ഇക്കാലയളവിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. സ്ഥിരമായി ഒരു രാഷ്ട്രീയപാർട്ടിയോടും മമത പുലർത്താറില്ല അരുവിക്കര ഗ്രാമപഞ്ചായത്തിലെ വോട്ടർമാർ. ഒന്നിടവിട്ട് ഭരണപ്രതിപക്ഷങ്ങളെ മാറിമാറി പരീക്ഷിക്കും. പ്രതിപക്ഷത്ത് വരുന്നവരെ നിലം പരിശാക്കും. അധികാരക്കസേരയിൽ എത്തുന്നവർക്ക് മികച്ച ഭൂരിപക്ഷവും സമ്മാനിക്കും. നിലവിൽ 20 അംഗ പഞ്ചായത്ത് സമിതിയിൽ 17 സീറ്റും കരസ്ഥമാക്കി എൽ.ഡി.എഫാണ് അധികാരത്തിലുള്ളത്. പ്രതിപക്ഷത്ത് കോൺഗ്രസിന്റെ മൂന്നംഗങ്ങളേയുള്ളു. മുമ്പത്തെ ടേമിൽ സി.പി.എമ്മിനായിരുന്നു ഈ അവസ്ഥ. ഇക്കുറി, പ്രസിഡന്റ് പദം ജനറലാണ്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ബി. ഷാജുവാണ് എൽ.ഡി.എഫിന്റെ പ്രസിഡന്റ് സാരഥി. കാച്ചാണിലാണ് ഷാജുവിന്റെ മത്സരം. സിറ്റിംഗ് പ്രസിഡന്റ് ഐ. മിനി മണമ്പൂരിലും മുൻ പ്രസിഡന്റ് ആർ. കല കൊക്കോതമംഗലത്തും മത്സരിക്കുന്നുണ്ട്. ഇടതിന്റെ ഉറച്ച കോട്ടയായ മൈലമൂട്ടിൽ ജനതാദൾ-എസിന് സ്ഥിരമായി സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് സി.പി.എമ്മിലെ ഒരുകൂട്ടർ റിബലായി രംഗത്തുണ്ട്. സീറ്റ് നിഷേധത്തിൽ പ്രകോപിതരായി ലോക് താന്ത്രിക് ജനതാദളും രംഗത്തുണ്ട്. ദളിന് സ്വാധീനമുള്ള പ്രദേശമെന്ന നിലയിൽ, എൽ.ഡി.എഫിന്റെ മുന്നേറ്റത്തിൽ നിഴൽ വീഴ്ത്താൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. യു.ഡി.എഫിലെ സ്ഥിതിയും ഭിന്നമല്ല. ഡി.സി.സി മെമ്പറും മുൻ പ്രസിഡന്റുമായ അഡ്വ. എ.എ. ഹക്കിമിന് വട്ടക്കുളം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രചാരണത്തിൽ നിന്ന് വിട്ടുനിൽപ്പാണ്. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. സലാഹുദീനെതിരെ ഹക്കിം പക്ഷക്കാരനും ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സോമൻ കടുത്ത മത്സരമാണ്. മറ്റു വാർഡുകളിൽ ലീഗ് എങ്ങനെ പ്രതികരിക്കുമെന്നതിൽ യു.ഡി.എഫിലും ആശങ്കയുണ്ട്. കളത്തറയിൽ സി.പി.ഐയുടെ ലോക്കൽ സെക്രട്ടറി മധുവിനോട് ഏറ്റുമുട്ടുന്ന മുണ്ടേല രാജീവ്ഗാന്ധി റസിഡൻഷ്യൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മോഹനകുമാറാണ് യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥി. ബി.ജെ.പി മുന്നണിയിൽ കളത്തറയിൽ ശിവസേനയും മൈലമൂട്ടിൽ സ്വതന്ത്രനുമൊഴിച്ചാൽ 18 സീറ്റിലും 'താമര" ചിഹ്നത്തിലാണ് മത്സരം. കഴിഞ്ഞതവണ വിജയിച്ച ഇറയംകോട് മെമ്പറെ ബ്ലോക്ക് ഡിവിഷനിലാണ് മത്സരിപ്പിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള പൊട്ടലും ചീറ്റലും ബി.ജെ.പിയെയും കുഴയ്ക്കുന്നുണ്ട്.