kadu

വിതുര: പൊൻമുടി-തിരുവനന്തപുരം റൂട്ടിലെ കലുങ്ക് ജംഗ്ഷനിലുള്ള വ്യാപാരി സമൂഹത്തിനും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രാഥമികാവശ്യം നിറവേറ്റണമെന്ന് തോന്നിയാൽ വലഞ്ഞതുതന്നെ. രണ്ട് ടോയ്ലെറ്റുകൾ ഇവിടെ ഉണ്ടെങ്കിലും ഇവ രണ്ടും ഉപയോഗശൂന്യമാണ്. പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളുടെ ഇടത്താവളം കൂടിയാണ് വിതുര ജംഗ്ഷൻ. ഇവിടെ ഇറങ്ങി ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് സഞ്ചാരികൾ ടൂറിസം മേഖലകളിലേക്ക് പോകുന്നത്. ഇത്തരക്കാർക്കായി സ്ഥാപിച്ച ടോയ്ലെറ്റ് കാട് മൂടിയിട്ട് കാലങ്ങളായി ഇത് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം. നിർമ്മാണം കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞിട്ടും ഇതുവരെ ഉപയോഗത്തിന് തുറന്ന്കൊടുക്കാത്തതും ആക്ഷേപമുയർത്തുന്നുണ്ട്. പലതവണ പരാതിപ്പെട്ടതിനൊടുവിൽ ഒരു മാസത്തിനുള്ളിൽ തുറന്നുകൊടുക്കാമെന്ന് കഴിഞ്ഞ ജൂണിൽ അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും നടപടി പഴയപടി.

ദിനവും നിരവധിപേർ എത്തുന്ന വിതുര കലുങ്ക് ജംഗ്ഷനിൽ ടോയ്ലെറ്റ് വേണമെന്ന നീണ്ടനാളത്തെ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസർക്കാരിന്റെ സ്വച്ച്ഭാരത് മിഷന്റെ ഭാഗമായി കെട്ടിടം നിർമ്മിക്കുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മുറികളിലായി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയായിട്ടും കെട്ടിടം തുറന്നുകൊടുക്കുന്നില്ലെന്നാണ് പരാതി. നിലവിൽ ആരും എത്താതായതോടെ ഇവിടം കാടുമൂടിയ നിലയിലാണ്

വിതുര കലുങ്ക് ജംഗ്ഷനിൽ പത്തോളം ധനകാര്യസ്ഥാപനങ്ങളും നൂറിൽ പരം വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ജംഗ്ഷനിൽ ടോയ്ലെറ്റ് നിർമ്മിക്കണമെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വിതുര പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് വക കെട്ടിടത്തിൽ ടോയ്ലെറ്റ് നിർമ്മിച്ചു. തുടക്കത്തിൽ വ്യാപാരികൾക്കും മറ്റും ഉപകാരപ്രദമായെങ്കിൽ പിന്നീട് ഇത് പരിതാപകരമായി. ടോയ്ലെറ്റ് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ല.