bdjs

തിരുവനന്തപുരം: എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് മുടിച്ച കേരളം വളരണമെങ്കിൽ എൻ.ഡി.എ അധികാരത്തിലേറണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വെട്ടുകാട് വാർഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇരുമുന്നണികളും വോട്ട് ചോദിക്കാനുള്ള അവസ്ഥയിലല്ല. സോളാറിലും സ്വർണക്കടത്തിലും പെട്ട് ഉഴലുകയാണ് ഇരുമുന്നണികളും. പതിറ്റാണ്ടുകളായി ഭരിച്ചിട്ടും വികസനം പോയിട്ട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇരുവർക്കുമായില്ല. വ്യവസായ ശാലകൾ പൂട്ടാനായിരുന്നു മത്സരം. എൻ.ഡി.എ സർക്കാരിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളും യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ തുറക്കാൻ ആവിഷ്കരിച്ച പദ്ധതികളും ഇൗ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. ഇനി അവശേഷിക്കുന്ന ദിവസങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ കെ.വി അനിൽകുമാറിനെ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കഴിഞ്ഞ ആറുവർഷമായി നരേന്ദ്രമോദി സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടു വന്ന വികസനപ്രവർത്തനങ്ങൾ കേരളത്തിലുമെത്തിക്കാൻ എൻ.ഡി.എയെ അധികാരത്തിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, സംസ്ഥാന സെക്രട്ടറി ആലുവിള അജിത്ത്, ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം, ജില്ലാ ജന. സെക്രട്ടറി വേണുകാരണവർ, മണ്ഡലം പ്രസിഡന്റ് രമേഷ്, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഗീതമധു, സ്ഥാനാർത്ഥി കെ.വി. അനിൽകുമാർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം വിജയൻ ശ്രീവരാഹം, ജലജൻ,​ എസ്.കെ.പി. രമേശ് എന്നിവർ സംസാരിച്ചു.

caption തിരുവനന്തപുരം നഗരസഭയിലെ വെട്ടുകാർഡ് വാർഡിലെ എൻ.ഡി. എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സ്ഥാനാർത്ഥി കെ.വി. അനിൽകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം, വിജയൻ ശ്രീവരാഹം, ജലജൻ, എസ്.കെ.പി. രമേശ്, ഗീത മധു തുടങ്ങിയവർ സമീപം