
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് കൊലയ്‌ക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് 2020 ആഗസ്റ്റ് 24 ന് ഡിവിഷൻ ബെഞ്ച് ഇത് ശരിവച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ, പ്രതികളുടെ മൊഴിയനുസരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
ഹൈക്കോടതിയുടെ
ചോദ്യങ്ങൾ
@ രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയത് എങ്ങനെ വ്യക്തി വൈരാഗ്യം കാരണമുള്ള കൊലയായി?
@ പ്രതികൾ പറഞ്ഞതാണ് ക്രൈംബ്രാഞ്ച് വിശ്വസിച്ചത്. ക്രൈംബ്രാഞ്ചിന്റെ വ്യക്തിവൈരാഗ്യ വാദം നിലനിൽക്കില്ല.
@ കൊല്ലപ്പെട്ടവരിൽ ഒരാൾ ഒന്നാം പ്രതി പീതാംബരനെ ആക്രമിച്ചതിന്റെ വൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിന്?
@ കൊലയ്‌ക്ക് തൊട്ടുമുൻപ് ശരത്തിന്റെ പിതാവിനെ തടഞ്ഞുവച്ചതും ഒരു നേതാവിന്റെ കൊലവിളിപ്രസംഗവും അന്വേഷിക്കാതിരുന്നതെന്ത്?
@ കിണറ്റിൽ ആദ്യം കണ്ട ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറ എങ്ങനെ വന്നെന്നതും കൊണ്ടിട്ടത് ആരെന്നതും ദുരൂഹം.
സത്യം പുറത്തു വരട്ടെ. കേസന്വേഷണത്തെ എതിർക്കുന്നതിൽ സാംഗത്യമില്ല. സർക്കാരിന് ചെലവുള്ള കാര്യമല്ല. സിബിഐയാണ് ചെലവ് വഹിക്കുന്നത്.
-ജസ്റ്റിസ് ബി.കെമാൽപാഷ
നീതിയുടെ വിജയം: ഉമ്മൻചാണ്ടി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്കു വിട്ട സുപ്രീംകോടതി വിധി നീതിയുടെ വിജയമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി സുപ്രീംകോടതി കേട്ടപ്പോൾ ഇടതു സർക്കാർ പുറം -തിരിഞ്ഞു നിന്നു. അതിനേറ്റ കനത്ത പ്രഹരമാണ് വിധി. കോടികൾ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാൻ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂർത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം.