തിരുവനന്തപുരം: നരേന്ദ്രമോദിയുടെ വികസനം പൂർണമായും നഗരസഭയിലെത്തണമെങ്കിൽ എൻ.ഡി.എക്ക് ഭരണം ലഭിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദേശീയപാതയുടെ വികസനം, വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖ നിർമ്മാണം എന്നീ സാദ്ധ്യതകൾ ഉപയോഗിച്ചാൽ ദക്ഷിണേന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റാൻ തിരുവനന്തപുരത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംഗപൂർ ഹൈക്കമ്മീഷണർ തിരുവനന്തപുരത്ത് നിക്ഷേപം നടത്താനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന്റെ വികസനമില്ലായ്‌മ കാരണം ഒന്നും നടന്നില്ല. വിദേശ നിക്ഷേപങ്ങളിലൂടെയുള്ള നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്‌മ കാരണം തലസ്ഥാനത്തിന് നഷ്ടമായത്. എന്നിട്ടും ഇടത് വലത് മുന്നണികൾ ഇപ്പോഴും വിമാനത്താവള വികസനത്തെ എതിർക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.


ബി.ജെ.പി വരാതിരിക്കാൻ വർഗീയ ശക്തികൾ

ഗൂഢാലോചന നടത്തുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോർപറേഷനിൽ ബി.ജെ.പി വിജയിക്കാതിരിക്കാൻ ചില വർഗീയ ശക്തികൾ ഗൂഢാലോചന നടത്തുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ യു.ഡി.എഫ് മിക്ക വാർഡുകളിലും പ്രചാരണത്തിൽ പിന്നാക്കം പോയത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. എല്ലാ ദിവസവും അഴിമതിക്കെതിരെ സംസാരിക്കുന്ന രമേശ് ചെന്നിത്തല സ്വന്തം അഴിമതി മൂടിവക്കാൻ വീട്ടുകാരെ പോലും ഉപയോഗിച്ചത് ലജ്ജാകരമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ അഴിമതിക്കാരുടെ സ്വന്തം നാടായി മാറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൻ.ഡി.എയുടെ വികസന രേഖ കെ.സുരേന്ദ്രൻ സുരേഷ് ഗോപി എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഒ. രാജഗോപാൽ എം.എൽ.എ, പി.കെ. കൃഷ്‌ണദാസ്, പി. സുധീർ, സി. ശിവൻകുട്ടി, നടൻ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.