തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ രണ്ടു പി.ജി ഡോക്ടർമാരെ സാമൂഹ്യവിരുദ്ധർ വാഹനം തടഞ്ഞുനിറുത്തി മർദ്ദിച്ചെന്ന് പരാതി. തിങ്കളാഴ്ച രാത്രി 12ഓടെ കൊച്ചുള്ളൂരിലായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരിക്കേറ്റ നിധിൻ,​ വിപിൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. നിധിന്റെ തലയിൽ രണ്ട് സ്റ്രിച്ചുണ്ട്. ഡോക്ടർമാരുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
ഒരു ബൈക്കിൽ മൂന്നുപേർ വീതം കയറി യാത്ര ചെയ്‌ത യുവാക്കളുടെ സംഘമാണ് അക്രമം നടത്തിയത്. ബൈക്കുമായി റോഡിൽ അഭ്യാസം കാണിച്ച സംഘം പിന്നാലെ എത്തിയ ഡോക്ടർമാരുടെ കാറിനെ കടത്തിവിട്ടില്ല. ഇവർ ഹോൺ മുഴക്കിയതോടെ യുവാക്കൾ പ്രകോപിതരാവുകയായിരുന്നു. ബൈക്ക് റോഡിൽ നിറുത്തി പിന്നിലിരുന്ന യുവാക്കൾ ഓടിയെത്തി ഹോണടിക്കുന്നതിനെ ചോദ്യം ചെയ്‌തു. തുടർന്ന് കാറിൽ ഇടിക്കാനും അടിക്കാനും തുടങ്ങി. ഡോർ തുറന്നിറങ്ങിയപ്പോൾ തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. തറയിൽ വീണ ഡോ. നിധിനെ അക്രമികൾ കല്ലെടുത്ത് തലയ്ക്കിടിച്ചു. പിന്നാലെ എത്തിയ യാത്രക്കാർ ഇടപെട്ടതോടെയാണ് ഇവർ ആക്രമണം അവസാനിപ്പിച്ചത്. ഇതിനിടെ അക്രമികൾ കാറിന്റെ താക്കോൽ വലിച്ചെറിഞ്ഞ ശേഷം ബൈക്കുമായി രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടെ ശ്രീകാര്യം ഭാഗത്തേക്കു പോയ യാത്രക്കാർ ശ്രീകാര്യം പൊലീസിൽ വിവരം അറിയിച്ചു. ശ്രീകാര്യം പൊലീസ് എത്തിയശേഷം മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തി. അക്രമികൾ ഉപേക്ഷിച്ചു പോയ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.