ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ പിടിച്ചെടുക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. ശക്തമായ പോരാട്ടവുമായി ഭരണത്തിലെത്താൻ ബി.ജെ.പി യും ശക്തി തെളിയിക്കുകയാണ്. ത്രികോണ മത്സരമാണ് പല വാർഡുകളിലും നടക്കുന്നത്. ഇടതുപക്ഷം 19 വാർഡിൽ 17 ലും സി.പി.എം സ്ഥാനാർത്ഥികളും വാർഡ് 5-ൽ എൽ.ഡി.എഫ് സ്വതന്ത്രനും വാർഡ് 14-ൽ സി.പി.ഐ യുമാണ് മത്സരിക്കുന്നത്. 19 വാർഡിലും കോൺഗ്രസ് നേരിട്ടാണ് മത്സരിക്കുന്നത്. പഞ്ചായത്തിലെ 10,11,12,14 വാർഡുകൾ ഒഴികെ ബാക്കിയുളള 15 വാർഡുകളിലാണ് ബി.ജെ.പി സാന്നിദ്ധ്യമറിയിച്ച് രംഗത്തുളളത്. അതിൽ 15 ാം വാർഡിൽ എൻ.ഡി.എ സ്വതന്ത്രനാണ് മത്സരിക്കുന്നത്. ഇതിനുപുറമേ ബി.എസ്.പി, എസ്.ഡി.പി.ഐ എന്നിവരുടെ സ്ഥാനാർത്ഥികളും അവരുടെ ശക്തി കേന്ദ്രങ്ങളിൽ മത്സരരംഗത്തുണ്ട്. 9 സ്വതന്ത്രർ ഉൾപ്പെടെ പഞ്ചായത്തിലാകെ 64 പേരാണ് മത്സരരംഗത്തുളളത്.19 ാം വാർഡായ കലാപോഷിണിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. അഞ്ചുപേരാണ് ഇവിടെ മത്സരരംഗത്തുളളത്. 19 വാർഡുകളിൽ 10 എണ്ണം വനിത വാർഡുകളാണ്.
മത്സരരംഗത്തുള്ള പ്രമുഖർ:
സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.മുരളി (ചിറയിൻകീഴ് വാർഡ്),മുൻ ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് (പെരുമാതുറ വാർഡ്), മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ആർ.സരിത (ആൽത്തറമൂട് വാർഡ്), മഹിള അസോസിയേഷൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബീജ സുരേഷ് (പണ്ടകശാല വാർഡ്), ജനാധിപത്യ അസോസിയേഷൻ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മിനി ദാസ് (മേൽകടയ്ക്കാവൂർ വാർഡ്), യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. അനൂപ് (പഴഞ്ചിറ വാർഡ്), മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫെലിക്സ് രാജു ഗിൽബർട്ട് (അരയതുരുത്തി), കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ.ജി (ശാർക്കര വാർഡ്), കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ വി.ബേബി (പണ്ടകശാല വാർഡ്), അർ.അജയകുമാർ (കടകം വാർഡ്),കെ.രാധാകൃഷ്ണൻ (ചിറയിൻകീഴ് വാർഡ്), ബി.ജെ.പി ചിറയിൻകീഴ് പഞ്ചായത്ത് സമിതി സെക്രട്ടറി കേളേശ്വരം രാജേഷ് (ശാർക്കര വാർഡ്), ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയൻ (പഴഞ്ചിറ വാർഡ്).