brazilia

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് ചില വാർഡുകളിലൊക്കെ ഒരു ചിരിയ്ക്ക് വകയുണ്ടാകും. കോഴിക്കോട് കോർപ്പറേഷൻ അൻപത്തിയഞ്ചാം വാർഡിലെ കൗതുകം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരാണ്. ബ്രസീലിയാ ഷംസുദ്ദീൻ. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രസീലിയ വീണ്ടും ജനവിധി തേടുന്നത്. 2010ൽ മുഖദാറിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു. മിന്നും ജയമാണ് ബ്രസീലിയ ആ തിരഞ്ഞെടുപ്പിൽ നേടിയത്. ഇത്തവണയും വിജയമാവർത്തിക്കുമെന്ന വിശ്വാസത്തിലാണ് കളത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഫുട്ബാൾ പ്രേമികളുടെ നാടായ പള്ളിക്കണ്ടി, മുഖദാർ, നൈനാംവളപ്പ്, പയ്യാനക്കൽ എന്നീ സ്ഥലങ്ങൾ വരുന്നതാണ് ബ്രസീലിയയുടെ വാർഡ്. ഫുട്ബാളിനെ സ്‌നേഹിക്കുന്നവർ തന്നെ ചേർത്തു നിർത്തുമെന്നു തന്നെയാണ് പ്രതീക്ഷ. യു.ഡി.എഫിന് കോർപ്പറേഷൻ ഭരണം ലഭിച്ചാൽ നൈനാംവളപ്പിൽ ഫുട്ബാൾ മൈതാനമെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നാണ് ബ്രസീലിയയുടെ വാഗ്ദാനം. ഫുട്ബാളിൽ ബ്രസീലിയൻ ആരാധകനായ അമ്മാവൻ പുതിയവീട് ശരീഫ് സമ്മാനിച്ചതാണ് ബ്രസീലിയ എന്ന പേര്. താൻ ഫുട്ബാൾ സ്‌നേഹിയാണെങ്കിലും ബ്രസീലിന്റെ മാത്രം ആരാധികയല്ലെന്നും ബ്രസീലിയ പറയുന്നു. നിലവിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.