കിളിമാനൂർ: വൃദ്ധയായ വീട്ടമ്മയെയും മകനെയും മരുമകളെയും ക്രൂരമായി മർദ്ദിച്ച മൂന്നംഗ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. സമീപവാസിയായ ബാബുസദനത്തിൽ ടി. ബാബുവാണ് പിടിയിലായത്. പോങ്ങനാട്, പഴുവടി ജി.എസ്. ഭവനിൽ ശ്യാമളകുമാരി (65), മകൻ സൈനികനായ സ്വാതി പോറ്റി (32), ഭാര്യ സരിഗ (30) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തകരപ്പറമ്പ് - പള്ളിക്കൽ റോഡ് ടാറിംഗുമായി ബന്ധപ്പെട്ട് സ്വാതിയും ബാബുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനുശേഷം വൈകിട്ട് 5ഓടെ കാറിലെത്തിയ മൂന്നംഗ സംഘം കമ്പിപ്പാരയടക്കമുള്ള ആയുധങ്ങളുമായി വീട്ടിലേക്ക് ഓടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് ആളുകളെത്തിയതോടെ വീട്ടുകാരും റോഡിലേക്കിറങ്ങി. ഈ സമയം രക്ഷപ്പെടാനായി കാറിൽ കയറിയ സംഘം സ്വാതിയെയും ഭാര്യയെയും ഇടിച്ചുവീഴ്‌ത്താൻ ശ്രമിക്കുകയായിരുന്നു. സ്വാതി ഒഴിഞ്ഞുമാറിയെങ്കിലും സരിഗ ദൂരേക്ക് തെറിച്ചുവീണു. പിന്നോട്ടെടുത്ത കാർ ശ്യാമളകുമാരിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം പോങ്ങനാട് ഭാഗത്തേക്ക് പോയി. സാരമായി പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.