nobal-kumar-home-

കൊച്ചി: 'ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല മുസ്ളിം രക്തം.. ഞങ്ങളിലുള്ളത് മാനവ രക്തം' മതേതരത്വം സംരക്ഷിക്കാൻ വോട്ട് ഫോർ യു.ഡി.എഫ്. പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി പതിമൂന്നാം വാ‌‌ർഡിൽ നോബൽകുമാറിന്റെ വീടിന്റെ ചുവരുകളിൽ നിറഞ്ഞുനിൽക്കുകയാണ് യു.ഡി.എഫിനോടുള്ള സ്നേഹം. നിയമവിദ്യാർത്ഥിയായ നോബൽകുമാറിന്റെ വീടാണിത്. അടുത്ത സുഹൃത്തുകളിൽ പോലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജാതി-മത വേർതിരിവ് കണ്ടതോടെയാണ് പഠനകാലഘട്ടത്തിൽ കെ.എസ്.യുവിലും പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ നോബിൾ ഇത്തരമൊരു ആശയ പ്രചരണത്തിന് മുതിർന്നത്. വീടിന്റെ മൂന്നു ഭാഗത്തും ഇതേ ആശയമുണ്ട്.

മുപ്പത്തിരണ്ടുകാരനായ നോബൽ ചെറുപ്പത്തിൽ പെയിന്റിംഗ് ജോലിക്ക് പോയിരുന്നു. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി വരയ്ക്കലും എഴുത്തും സുഹൃത്തുകളുടെ സഹായത്തോടെയായിരുന്നു. മൂന്നു ദിവസം വേണ്ടിവന്ന പെയിന്റിംഗ് ജോലിയിൽ ഏറ്റവുമധികം സഹായിച്ചത് അമ്മ ഐഷയാണ്. ചെത്തുതൊഴിലാളിയായ അച്ഛൻ അപകടത്തിൽ ഗുരുമായ പരിക്കേറ്റു. ചികിത്സക്കിടെ മാനസിക അസുഖവും ബാധിച്ച അദ്ദേഹം പന്ത്രണ്ട് വർഷം മുമ്പ് മരിച്ചു. മൂന്നു മക്കളിൽ ഇളയവനായ നോബലും അമ്മയുമാണ് ഈ ആശയം പ്രചരണ ഭവനത്തിൽ കാവൽക്കാർ. വർഷങ്ങളായി ഈ ആശയം മനസിൽ കൊണ്ടു നടക്കുന്നു. അന്നു ഭിത്തിയില്ലാത്ത വീടായിരുന്നതിനാൽ സാധിച്ചില്ലെന്ന് നോബൽകുമാർ പറഞ്ഞു.