
പേരാവൂർ: മലയോരത്ത് വന്യമൃഗശല്യം രൂക്ഷമായതോടെ പ്രതിരോധിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷർ. അടുത്ത കാലത്തായി വായന്നൂർ മേഖലയിൽ കാട്ടുപന്നിക്ക് പുറമെ കുരങ്ങ് ശല്യവും രൂക്ഷമായതോടെ രാപകൽ ഭേദമെന്യേ കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. കോളയാട് ഗ്രാമ പഞ്ചായത്തിലെ വായന്നൂർ പ്രദേശത്തെ കർഷകരുടെ തേങ്ങയും വാഴക്കുലകളും കുരങ്ങുകൾ കൂട്ടമായെത്തി വ്യാപകമായി നശിപ്പിക്കുകയാണ്. ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഉപജീവനത്തിനായി കൃഷിയെ മാത്രം ആശ്രയിക്കുന്നവരാണ്. ഇവിടങ്ങളിൽ കൃഷി ചെയ്തിട്ടുള്ള വാഴ, മരച്ചീനി, പച്ചക്കറികൾ, എന്നിവയെല്ലാമാണ് വാനരപ്പട നശിപ്പിക്കുന്നത്.
വീട്ടു പരിസരത്തെ പച്ചക്കറികളും പഴവർഗ്ഗങ്ങളും നശിപ്പിക്കുന്നതിന് പുറമെ തെങ്ങ്, കവുങ്ങ് എന്നിവയുടെ പൂക്കുലകളും മൂപ്പെത്താത്ത തേങ്ങയും അടയ്ക്കയുമെല്ലാം നശിപ്പിക്കുകയാണ്. കൂടാതെ കുരങ്ങുകൾ വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ ഇളക്കി മാറ്റുന്നതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണ്.
പകൽനേരങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായതോടെ പടക്കം പൊട്ടിച്ചും മറ്റും ഇവയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതും ഫലപ്രദമല്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കുരങ്ങുകൾ കൃഷി നശിപ്പിച്ചാൽ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നില്ലെന്ന് കർഷകർ വേദനയോടെ പറയുന്നു.
കൃഷി ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ലാതെ നിരാശയിലായ കൃഷിക്കാർ ഇപ്പോൾ കൃഷി ഉപേക്ഷിക്കുന്നതിന് നിർബന്ധിതരായിട്ടുണ്ട്. കുരങ്ങ് ശല്യമുൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.