
പാലോട്: പേരയം നിവാസികൾക്ക് സുപരിചിതയാണ് ദീപ. ഓട്ടോ ഡ്രൈവർ, ആരോഗ്യ പ്രവർത്തക, കലാകാരി എന്നിവയ്ക്ക് പുറമെ നന്ദിയോട് പഞ്ചായത്തിലെ പേരയം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൂടിയാണ് ദീപ. കഴിഞ്ഞ എട്ട് വർഷമായി ഓട്ടോ ഓടിക്കുമെങ്കിലും ഇപ്പോൾ തത്കാലം അത് നിറുത്തിയിരിക്കുകയാണ്. എന്നാൽ ഒരു അത്യാവശ്യം വന്നാൽ ദീപ അവിടെ പാഞ്ഞെത്തും. 2008 മുതൽ പാലോട് സി.എച്ച്.സിയുടെ കീഴിൽ താത്കാലിക ജീവനക്കാരി കൂടിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊവിഡ് പരിശോധന കേന്ദ്രത്തിൽ സന്നദ്ധ സേവനത്തിനും ദീപ മുന്നിലുണ്ട്. ചെല്ലഞ്ചിയിലെ പറമ്പുപാറയിലെ മാനസിക നില തകരാറിലായ ഒരു കുടുംബത്തിന് സുരക്ഷയൊരുക്കിയതിന് 2018ലെ മികച്ച ആശാ വർക്കർക്കുള്ള സ്പെപെഷ്യൽ ജൂറി പുരസ്കാരവും ദീപയ്ക്ക് സ്വന്തം. പാലോട് ജനമൈത്രി പൊലീസിന്റെ നിയന്ത്രണത്തിലുള്ള നിർഭയയുടെ വോളന്റിയറു മാണ്. കാക്കാരിശ്ശി നാടകമെന്ന നാടൻ കലാരൂപത്തിലെ പ്രധാന അഭിനേത്രി കൂടിയാണ്. ഓട്ടോ ഓടിച്ച് വരുമാനം കണ്ടെത്തുന്ന ദീപയ്ക്ക് പിന്തുണ ഫ്രൂട്സ് കടയിലെ ജീവനകാരനായ ഭർത്താവ് മുരളിയും മക്കളായ ആവണിയും അഭിദേവും അടങ്ങുന്ന കുടുംബമാണ്. 2015ൽ ഇടതു മുന്നണിയിൽ നിന്നും പേരയം സുജിത്താണ് കോൺഗ്രസിനുവേണ്ടി പേരയം വാർഡ് പിടിച്ചെടുത്തത്. ഈ വാർഡ് നിലനിറുത്തുക എന്ന ഭാരിച്ച ദൗത്യമാണ് യു.ഡി.എഫ് ദീപയ്ക്ക് നൽകിയിരിക്കുന്നത്.