
നടപടി വിജി. റെയ്ഡിൽ പാർട്ടിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ
മന്ത്രിക്കെതിരായ പരാതി കമ്മിറ്റിക്കു വിടുന്നത് ചരിത്രത്തിലാദ്യം
തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശങ്ങൾ അടങ്ങിയ സി.എ.ജി റിപ്പോർട്ട് നിയമസഭയിലെത്തും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോർത്തി സഭയെ അവഹേളിച്ചെന്ന പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു വിട്ട സ്പീക്കറുടെ അസാധാരണ നടപടിയോടെ സി.പി.എമ്മിനകത്ത് ദിവസങ്ങളായി രൂപംകൊണ്ടുവരുന്ന 'സമ്മർദ്ദം' ഐസക്കിനെ ചുറ്റുന്ന രാഷ്ട്രീയച്ചുഴലിയാകുന്നു. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ പരാതി സഭയുടെ അവകാശ ലംഘനവും സദാചാരവും സംബന്ധിച്ച സമിതിക്കു കൈമാറുന്നത്.
കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധനാ വിവാദത്തിൽ ധനമന്ത്രിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും സി.പി.എമ്മും മന്ത്രിമാരിൽ പലരും അതിനെ പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെ, സ്വന്തം പാർട്ടിക്കാരനായ സ്പീക്കറും ഇത്തരം നടപടിക്കു തുനിഞ്ഞതാണ് തോമസ് ഐസക്കിന് കൂടുതൽ ക്ഷീണമാകുന്നത്. ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആക്രമണം കടുപ്പിക്കുക കൂടി ചെയ്‌തതോടെ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കൂടി ഇതിന്റെ 'ആഘാതം' പടരും.
ഐസക്കിനെതിരെ വി.ഡി. സതീശനാണ് അവകാശലംഘന നോട്ടീസ് നൽകിയിരുന്നത്. ഇതിൽ മന്ത്രിയോട് വിശദീകരണം തേടിയ സ്‌പീക്കർ, ഐസക്കിന്റെ മറുപടി സഹിതം പരാതി സഭാസമിതിക്ക് വിടുകയായിരുന്നു. മന്ത്രിമാർക്കെതിരായ പരാതികളിൽ സ്പീക്കർ വിശദീകരണം തേടി, ക്ഷമാപണം അറിയിക്കുന്നതോടെ നടപടികൾ അവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാൽ, ഐസക്കിന്റെ വിശദീകരണം കേട്ടശേഷം സമിതിക്കു വിട്ടത് ധനമന്ത്രിക്ക് പിഴവു സംഭവിച്ചതായി സ്പീക്കർ സമ്മതിക്കുന്നതിന് തുല്യം. പരാതിയിലും മന്ത്രിയുടെ മറുപടിയിലും കഴമ്പുണ്ടെന്ന് സ്പീക്കർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തിയതിന്റെ പേരിൽ എന്തു ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രിവിലേജസ് കമ്മിറ്റിക്കു വിട്ടാൽ അവിടെ നിലപാട് വ്യക്തമാക്കാമെന്നും മന്ത്രി കഴിഞ്ഞ ദിവസം സ്പീക്കറെ നേരിൽ കണ്ട് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമെന്ന ആക്ഷേപവും മന്ത്രിയുടെ വിശദീകരണത്തിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ടാണ് മറുപടിയിലും ചിലതുണ്ടെന്ന് സ്പീക്കർ വിലയിരുത്തിയത്.
കരടെന്ന് പറഞ്ഞു,
ഒറിജിനലായി
കഴിഞ്ഞ മാസം 14നാണ് മന്ത്രി സി.എ.ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയത്. മന്ത്രിയുടെ വാർത്താസമ്മേളനം ചാനലുകളിൽ ലൈവായിരുന്നു. കരട് റിപ്പോർട്ടെന്നാണ് ആദ്യം പറഞ്ഞത്. ഒറിജിനലാണെന്ന് സി.എ.ജി വിശദീകരിച്ചതോടെ ഐസക്കിന് സമ്മതിക്കേണ്ടിവന്നു. മന്ത്രിയുടെ നീക്കത്തിൽ സ്പീക്കർ അതൃപ്തനാണെന്ന് വാർത്തയുണ്ടായെങ്കിലും അദ്ദേഹം അന്നത് നിഷേധിച്ചു. ഇപ്പോൾ അച്ചടക്ക സമിതിക്കു വിടുകയും ചെയ്തു
സമിതി നാളെ
പരിഗണിക്കും
സി.പി.എം അംഗം എ. പ്രദീപ്കുമാർ അധ്യക്ഷനായ ഒൻപതംഗസമിതിയിൽ മൂന്ന് പ്രതിപക്ഷ അംഗങ്ങളുണ്ട്. നേരത്തേയുള്ള ചില പരാതികൾ പരിഗണിക്കാൻ നാളെ ഉച്ചയ്ക്ക് 2.30ന് സമിതി ചേരുന്നുണ്ട്. സ്പീക്കർ റഫർ ചെയ്ത സ്ഥിതിക്ക് ഐസക്കിനെതിയായ പരാതിയും പരിഗണനയ്ക്കെടുക്കും. മന്ത്രിയോടും പരാതിക്കാരനോടും വിശദീകരണം തേടും. തൃപ്തികരമല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടാം. തുടർന്ന് റിപ്പോർട്ട് സഭയ്ക്ക് സമർപ്പിക്കും.
മുന്നറിയിപ്പോ
താക്കീതോ?
ചട്ടലംഘനം നടത്തുന്ന അംഗങ്ങൾക്ക് താക്കീതോ മുന്നറിയിപ്പോ ശാസനയോ നൽകാനേ പ്രിവിലേജസ് കമ്മിറ്റിക്ക് അനുവാദമുള്ളൂ.
കമന്റ്മെയിൻ
പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്രിക്ക് വിടാനുള്ള സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇതുവഴി സി.എ.ജി. റിപ്പോർട്ടിലെ നിഗമനം ചർച്ച ചെയ്യാനുള്ള വേദിയായാണ് എത്തിക്സ് കമ്മിറ്രിയെ കാണുന്നത്.
ടി.എം. തോമസ് ഐസക്,
ധനകാര്യ മന്ത്രി
സ്പീക്കർ കമന്റ്
പരാതിയിലും മന്ത്രിയുടെ വിശദീകരണത്തിലും അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുണ്ട്. രണ്ട് പക്ഷത്തിന്റെയും ഭാഗം വിശദമായി കേട്ട് മറുപടി തയ്യാറാക്കാനാണ് സമിതിക്ക് വിട്ടത്.
പി.ശ്രീരാമകൃഷ്ണൻ,
നിയമസഭാ സ്പീക്കർ