തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച ജില്ലാ മെഗാ അദാലത്തിൽ 13 പരാതികളിൽ തീർപ്പായി. നാല് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടും. 43 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.ആകെ 60 പരാതികളാണ് പരിഗണിച്ചത്. ക്രിമിനൽക്കുറ്റത്തിന് അറസ്റ്റിലായ മകൻ അമ്മയെക്കൊണ്ട് പൊലീസിനെതിരെ കമ്മിഷനിൽ പരാതി നൽകിയ സംഭവത്തിൽ വനിതാ കമ്മിഷൻ ശക്തമായ താക്കീത് നൽകി. നഗരത്തിലെ ഒരു കോളനിയിൽ നിന്നായിരുന്നു പരാതിക്കാരെത്തിയത്. വീട്ടിലെ പുരുഷൻമാർ കുറ്റക്കാരായ കേസുകളിൽ സ്ത്രീകളെക്കൊണ്ട് പൊലീസിനെതിരെ വനിതാകമ്മിഷനിൽ പരാതി നൽകുന്നത് ശരിയായ നടപടിയല്ലെന്ന് കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. അഞ്ചു മക്കളുണ്ടായിട്ടും അമ്മയെ കാണാൻ മക്കൾ എത്തുന്നില്ലെന്ന വൃദ്ധയുടെ പരാതിയിൽ മക്കൾ മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ നിറവേറ്റണമെന്ന കമ്മിഷൻ നിർദേശം നൽകി. അഞ്ച് വർഷമായി ഒന്നിച്ച് ജീവിച്ചശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങുന്ന പങ്കാളിക്കെതിരെ യുവതി നൽകിയ പരാതിയിൽ തുടർ നടപടികൾക്ക് ഫോർട്ട് പൊലീസ് അസി. കമ്മിഷണർക്ക് നിർദേശം നൽകി. കൊവിഡ് കാലത്തെ കെട്ടിടവാടക നൽകുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിൽ പൊലീസ് സ്‌റ്റേഷനിൽ വരെയെത്തിയ പരാതിക്ക് അദാലത്തിൽ പരിഹാരമായി. ഒത്തുതീർപ്പിന്റെ ഭാഗമായി കമ്മിഷൻ നിർദേശിച്ച തുക ഇരുവിഭാഗത്തിനും സ്വീകാര്യമാകുകയായിരുന്നു. വനിതാ കമ്മിഷൻ അംഗങ്ങളായ എം.എസ്.താര,ഇ.എം.രാധ,ഷാഹിദ കമാൽ,​ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേട്ടു.