തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസുകൾക്കൊപ്പം ,കോൺട്രാക്ട് കാര്യേജുകളായ സ്വകാര്യബസുകൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് അവകാശം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ അഗ്രഗേറ്റർ ലൈസൻസ് സംസ്ഥാനത്ത് അനുവദിക്കില്ല. സംസ്ഥാനത്തെ ട്രാൻസ്പോർട്ട് രംഗത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.
അന്തർ സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാക്കി. ഡ്രൈവർമാർക്കും ജീവനക്കാർക്കും യോഗ്യതയും നിഷ്‌കർഷിച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരും ഉത്തരവിറക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലം ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നത്.
നൂറു ബസുകളും, മറ്റ് ആയിരം വാഹനങ്ങളുമുള്ള കമ്പനിക്കോ, കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കോ ലൈസൻസ് ലഭിക്കും. കേരളത്തിൽ ഇത്രത്തോളം ബസുകളുള്ള കമ്പനികളില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലുണ്ട്. വാഹന ഉടമകൾ ചേർന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാം. പുതിയ ലൈസൻസ് നിലവിൽ സംസ്ഥാനങ്ങളുടെ പെർമിറ്റിനെ മറികടക്കുന്നില്ല. അതിനാൽ, സംസ്ഥാനത്തേക്ക് അത്തരം വാഹനങ്ങൾ പെർമിറ്റില്ലാതെ കടക്കുന്നത് തടയാനാവുമെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നാളെ ഉന്നതതല യോഗം ചേരും.
അഗ്രഗേറ്റർ
ലൈസൻസ്
അന്തർ സംസ്ഥാന പാതകളിലെ സ്വകാര്യബസുകൾക്ക് നിയമ പരിരക്ഷ ലഭിക്കുന്നതാണ് ഓൺലൈൻ അഗ്രഗേറ്റർ പോളിസി. ജീവനക്കാർക്ക് പരിശീലന ക്ലാസുകളും, ആരോഗ്യ പരിശോധനയും, ഇൻഷ്വറൻസും നിർബന്ധമാണ്.
അഞ്ചുവർഷത്തേയ്ക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. കമ്പനികൾ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടയ്ക്കണം. സംസ്ഥാന സർക്കാരുകളോ അവർ ചുമതലപ്പെടുത്തുന്ന ഏജൻസികളോ ആണ് ലൈസൻസ് നൽകേണ്ടത്. സംസ്ഥാന സർക്കാർ അനുവദിച്ചാൽ യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാം.
ലക്ഷ്യം വൻകിടക്കാർ
ഇപ്പോൾ സർവീസ് നടത്തുന്ന ട്രാൻസ്പോർട്ട് കമ്പനികളിൽ ചുരുക്കം ചിലർക്ക് മാത്രമാണ് നൂറിൽ കൂടുൽ ബസുള്ളത്. അവർക്കു പോലും ആയിരം മറ്റ് വാഹനങ്ങളില്ല .അതിനാൽ,പുതിയ ലൈസൻസ്
സംവിധാനം രാജ്യത്തെ വൻകിടക്കാർക്ക് വേണ്ടിയെന്ന് വ്യക്തം.
അതേ സമയം,ഡിമാൻഡ് കൂടുതലാണെന്ന് പറഞ്ഞ് തോന്നുംപോലെ നിരക്ക് കൂട്ടാനാവില്ല അടിസ്ഥാന നിരക്കിന്റെ 50% വരെ അധികമേ ഈടാക്കാനാവൂ.