
തിരുവനന്തപുരം: പേരൂർക്കടയിൽ യുവാവിനെ മർദ്ദിച്ച് ഒരു പവന്റെ സ്വർണമോതിരം കവർന്ന മൂന്നംഗ സംഘത്തെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തു. വിതുര തേവയോട് ചിറ്റാർ പാലത്തിനു സമീപം നാസ് കോട്ടേജിൽ ഷഫീക്ക് (33), കരകുളം തറട്ട വാർഡിൽ ഏണിക്കര നിലമി പ്രഭ നിവാസിൽ കുട്ടൻ എന്ന പ്രസാദ് (36), കരകുളം ഏണിക്കര നിലമി ചിറയ്ക്കു സമീപം അമ്പാടി വീട്ടിൽ ശ്രീജിത് (36) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച നാലോടെ കരകുളം ക്രൈസ്റ്റ് നഗർ റോഡിലൂടെ സ്കൂട്ടറിൽ വരികയായിരുന്ന കല്ലയം സ്വദേശി പ്രശാന്തിനെ ഓട്ടോയിൽ വന്ന പ്രതികൾ തടഞ്ഞുനിറുത്തി മർദ്ദിച്ച് മോതിരവും സ്കൂട്ടറിന്റെ താക്കോലും കവരുകയായിരുന്നു. കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐമാരായ സഞ്ചു ജോസ്, ജയകുമാർ, സുനിൽ, എ.എസ്.ഐ രാംകുമാർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് കൺട്രോൾ റൂം ടീമിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.