viswas-metha

തിരുവനന്തപുരം: മന്ത്രിമാർ പോലുമറിയാതെ വകുപ്പിലെ ചുമതലകൾ വെട്ടിക്കുറച്ചും, മറ്റ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയും ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത ദ്രോഹിക്കുന്നതായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ആക്ഷേപം. .

അഡി.ചീഫ്സെക്രട്ടറി ടി.കെ.ജോസിനു പുറമെ, തന്റെ വിശ്വസ്തനായ സഞ്ജയ് എം. കൗളിനെക്കൂടി ആഭ്യന്തര വകുപ്പിൽ സെക്രട്ടറിയാക്കിയതാണ് പുതിയ ആക്ഷേപം. തുറമുഖ, ധനകാര്യ എക്സ്‌പെൻഡീച്ചർ വകുപ്പുകളുടെ ചുമതല നിലനിറുത്തിയാണ് കൗളിനെ ആഭ്യന്തരവകുപ്പിൽ നിയമിച്ചത്. ഇതോടെ ആഭ്യന്തര, വിജിലൻസ് വകുപ്പുകൾക്ക് രണ്ട് തലവന്മാരായി. തന്ത്രപ്രധാനമായ ആഭ്യന്തരവകുപ്പിൽ ഇത്തരമൊരു പതിവില്ല. വിവാദമായ പൊലീസ് നിയമഭേദഗതി, പ്രതിപക്ഷനേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണം തുടങ്ങി സുപ്രധാന ഫയലുകളിലെല്ലാം ഒപ്പിട്ടത് കൗളാണ്.

മികച്ച ഉദ്യോഗസ്ഥനായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ഒതുക്കാനും സമാന തന്ത്രമാണ് ചീഫ്സെക്രട്ടറി പയറ്റിയത്. ജ്യോതിലാലിനു മുകളിൽ തൊഴിൽ വകുപ്പ് അഡി.ചീഫ്സെക്രട്ടറി സത്യജീത്ത് രാജന് പൊതുഭരണ വകുപ്പിന്റെ അധിക ചുമതലയും, ഏകോപന ചുമതലയും നൽകി. വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന ജ്യോതിലാലിനെ സത്യജീത്ത് രാജനു കീഴിലാക്കി. പ്രധാന ഫയലുകളും നയപരമായ തീരുമാനങ്ങളും മന്ത്രിസഭാ കുറിപ്പുകളും അഖിലേന്ത്യാ സർവീസ് ഫയലുകളുമെല്ലാം ജ്യോതിലാലിന് സത്യജീത്ത് രാജൻ വഴിയേ കൈമാറാവൂ എന്നാണ് ഉത്തരവ്. ജ്യോതിലാലിന് സ്വതന്ത്ര ചുമതലയുള്ള ഗതാഗത വകുപ്പിലും കൈകടത്തലുണ്ടായി. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി എം.ഡിയുമായ ബിജുപ്രഭാകറിനെ പൂർണ അധിക ചുമതലയോടെ നിയോഗിച്ചു.കേന്ദ്രാനുമതി ലഭിക്കും മുൻപ് തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പാതയ്ക്കായി സ്ഥലമേറ്റെടുക്കാനാവില്ലെന്ന് നിലപാടെടുത്തതാണ് ജ്യോതിലാലിനെ ചീഫ്സെക്രട്ടറിയുടെ കണ്ണിലെ കരടാക്കിയത്.

രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത കഴിഞ്ഞ ജൂണിലാണ് ചീഫ്സെക്രട്ടറിയായത്. സുപ്രധാന തസ്തികകളെല്ലാം, ഫയലുകളിൽ എതിർപ്പുന്നയിക്കാത്ത മറുനാട്ടുകാർക്ക് നൽകുന്നതായാണ് ആക്ഷേപം. ധനം, വനം, വ്യവസായം, ആരോഗ്യം, ഐ.ടി, മരാമത്ത്, നികുതി, തുറമുഖം വകുപ്പുകളിലെല്ലാം ഇങ്ങനെയാണ് നിയമനം. ചീഫ് സെക്രട്ടറിക്കും, പൊലീസ് മേധാവിക്കും

പുറമെ മിക്ക ജില്ലാ പൊലീസ് മേധാവികളും ക്രമസമാധാന ചുമതലയുള്ള ഉയർന്ന പൊലീസുദ്യോഗസ്ഥരും മറുനാട്ടുകാരാണ്.

പുതിയ ലാവണം

ഫെബ്രുവരിയിൽ വിരമിക്കുന്ന വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിച്ചേക്കും.1986 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് . ശമ്പളം 2.75ലക്ഷം രൂപ .