cbi

തിരുവനന്തപുരം: സ്വപ്നയുടെ ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ നിർമ്മാണ കമ്പനിയായ യൂണിടാക് ശിവശങ്കറിന് നൽകിയ കോഴയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചതോടെ, സി.ബി.ഐ അന്വേഷിക്കുന്ന ലൈഫ് കോഴക്കേസിലും ശിവശങ്കർ പ്രതിയാവും. ലൈഫ് മിഷനിലെ അന്വേഷണത്തിന് ഹൈക്കോടതിയുടെ രണ്ടു മാസത്തെ വിലക്ക് ഡിസംബർ13ന് നീങ്ങും. ഇതോടെ, ലൈഫ്കോഴയിൽ അന്വേഷണം സർക്കാരിലേക്ക് തിരിക്കാനൊരുങ്ങുകയാണ് സി.ബി.ഐ.

വിദേശ സഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച് എമിറേറ്റ്സ് റെഡ്ക്രസന്റിൽ നിന്ന് സ്വീകരിച്ച ഇരുപതു കോടിയിൽ 4.48 കോടിയുടെ കോഴ ഐ.എ.എസ് ഉദ്യോഗസ്ഥനടക്കം പങ്കുവച്ചെന്നാണ് സിബിഐ നിലപാട്. യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ സ്വപ്‌ന വഴി 99,900 രൂപ വിലയുള്ള ഐഫോൺ-11പ്രോ ശിവശങ്കറിന് നൽകിയതും കോഴയാണെന്നും. വടക്കാഞ്ചേരിക്ക് പുറമെ മറ്റുപദ്ധതികളിലും ശിവശങ്കറും സ്വപ്നയും നടത്തിയ ക്രമക്കേടുകളും ടെൻ‌ഡറിനു മുൻപ് വിവരങ്ങൾ കമ്പനികൾക്ക് ചോർത്തിനൽകിയതും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ലൈഫിലെ 36പദ്ധതികളിൽ 26ഉം രണ്ട് കമ്പനികൾക്ക് മാത്രം ലഭിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ട്.

ശിവശങ്കറിനുള്ള കോഴയായി ഒരു കോടിരൂപ ഖാലിദാണ് സ്വപ്നയ്ക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നത ഉദ്യോഗസ്ഥർക്കും ജനസേവകർക്കും ഉൾപ്പെടെ വീതംവച്ചതായി സി.ബി.ഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥൻ കോഴയിടപാടിൽ ഭാഗമായതിനാൽ വിദേശസഹായനിയന്ത്രണ ചട്ടലംഘനത്തിനൊപ്പം അഴിമതിവിരുദ്ധ നിയമം കൂടി ചുമത്തി സിബിഐ എഫ്.ഐ.ആർ ഭേദഗതി ചെയ്യും. വിദേശസഹായനിയന്ത്രണ ചട്ടലംഘനം അന്വേഷിക്കാൻ സിബിഐയ്ക്ക് മാത്രമാണ് അധികാരമെന്നതിനാൽ വിജിലൻസ് അന്വേഷണം അപ്രസക്തമാവും.

ശിവശങ്കർ വഴി ലൈഫിലേക്ക്

 യു.വി.ജോസിന് മുൻപ് ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന എം.ശിവശങ്കർ വഴിവിട്ട ഇടപാടുകൾ നടത്തി. നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കറാണ്.

 കോഴപ്പണം കൈമാറിയതിന് പിന്നാലെ, ശിവങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ട ശേഷമാണ് വ‌ടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിച്ചതെന്ന് സന്തോഷ്ഈപ്പന്റെ മൊഴി.

 ലൈഫിൽ നടന്നത് അധോലോക ഇടപാടുകൾ. വടക്കാഞ്ചേരി പദ്ധതിയുടെ ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തു.

 ലൈഫിന്റെ രേഖകളെല്ലാം സ്വപ്നയ്ക്ക് ചോർത്തിനൽകി, കരാറുകളിൽ ഒത്തുകളിയും കോഴയിടപാടും നടത്തിയത് ശിവശങ്കർ.