mla

തിരുവനന്തപുരം: പ്രതിപക്ഷ എം.എൽ.എമാരായ വി.ഡി.സതീശനും അൻവർ സാദത്തിനുമെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള വിജിലൻസിന്റെ ഫയൽ തെളിവു പോരെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മടക്കിഅയച്ചു. രണ്ട് കേസുകളിലും എം.എൽ.എമാരുടെ പങ്കെന്താണെന്ന് കൂടുതൽ വ്യക്തമാക്കണം. അതിനായി കൂടുതൽ തെളിവുകൾ ഹാജരാക്കണം.

ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം. ഷാജിക്കും വിദേശഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനും പാലം നിർമ്മാണത്തിലെ ഫണ്ട് ക്രമക്കേടിന് അൻവർ സാദത്തിനുമെതിരെയാണ് അന്വേഷണാനുമതി ചോദിച്ച് വിജിലൻസിനു വേണ്ടി സർക്കാർ സ്പീക്കറെ സമീപിച്ചത്.

പ്രതിപക്ഷനേതാവിനും കെ.എം. ഷാജിക്കുമെതിരായ അന്വേഷണത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. സതീശന്റെയും അൻവർ സാദത്തിന്റെയും കേസുകൾ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചു. നിയമവശങ്ങളടക്കം വിശദമായി പരിശോധിച്ച് അവ്യക്തത ഉറപ്പുവരുത്തിയ ശേഷമാണ് ഇന്നലെ ഇരു കേസുകളുടെയും ഫയലുകൾ തിരിച്ചയച്ചത്.

ഫണ്ട് വിനിയോഗത്തിൽ എം.എൽ.എമാരുടെ പങ്ക് ഏതുവിധത്തിലെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചത്. അവ്യക്തമായ പരാതിയിൽ കേസെടുക്കാനാവില്ല.

പ്രളയ പുനരധിവാസത്തിന് പറവൂർ മണ്ഡലത്തിൽ ആവിഷ്കരിച്ച പുനർജനി പദ്ധതിക്കായി വിദേശത്തു നിന്ന് പണം സമാഹരിച്ചെന്നാണ് വി.ഡി.സതീശനെതിരായ കേസ്. പാലം പണിക്ക് അധികം തുക വിനിയോഗിച്ചെന്നത് അൻവർ സാദത്തിനെതിരെയുള്ളതും.

വി.ഡി. സതീശനെതിരായ കേസ് നേരത്തേ വിജിലൻസ് പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും പകപോക്കലിനായി വീണ്ടും എടുത്തിട്ടെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. ഇതിന് ബലം പകരുന്നതായി സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം.