പാറശാല: വീട്ടിൽ ചിതയൊരുക്കി ആത്മഹത്യ ചെയ്‌ത‌ നെടുങ്ങോട് കുളവൻതറ വീട്ടിൽ നടരാജൻ ( 70 )​ കഴിഞ്ഞ അഞ്ചുവർഷമായി ഒറ്റയ്‌ക്കായിരുന്നു താമസം. ഭാര്യയുമായി പിണങ്ങി കഴിഞ്ഞ നടരാജൻ വാഴക്കുല കച്ചവടം നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. മുറിയിലെ കുഴിയിൽ വിറക് അടുക്കി മണ്ണെണ്ണ ഒഴിച്ചശേഷം കുഴിയുടെ വശങ്ങളിലായി രണ്ട് കട്ടിലുകളും അടുപ്പിച്ച നിലയിലായിരുന്നു. ശരീരം കട്ടിലുകളിൽ സ്വയം ബന്ധിച്ച ശേഷം തീകൊളുത്തി മരിച്ചതാകാമെന്നതാണ് പൊലീസിന്റെ നിഗമനം. മേൽക്കൂരയിലെ ഓട് പൊട്ടിത്തെറിച്ചുണ്ടായ ശബ്‍ദം കേട്ട് സമീപത്ത് താമസിക്കുന്ന മകനും നാട്ടുകാരും വന്നുനോക്കുമ്പോഴാണ് ചിത കത്തുന്നതായി കണ്ടത്. ഈ മകൻ നടരാജനുമായി വലിയ അടുപ്പത്തിലായിരുന്നില്ല. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഭാര്യ ലളിത തമിഴ്‌നാട്ടിലെ പരക്കുന്നിൽ രണ്ടാമത്തെ മകൻ ജെയിൻരാജിനൊപ്പമാണ് താമസം. ഉഷ മറ്റൊരു മകളാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.