തിരുവനന്തപുരം: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനായി തയ്യാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ജില്ലയിൽ ഇതുവരെ 13,795 പേർ. ഇവർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകുന്ന നടപടികൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌പെഷ്യൽ പോളിംഗ് ഓഫിസർമാരുടെ നേതൃത്വത്തിൽ 130 ടീമുകളാണ് കൊവിഡ് ബാധിതരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകളിൽ ബാലറ്റ് പേപ്പറുകൾ നൽകുന്നത്. ആരോഗ്യവകുപ്പിൽ നിന്നുള്ള ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫിസറാണ് സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഡിസംബർ 1 വരെയുള്ള കണക്കുപ്രകാരം കൊവിഡ് പോസിറ്റിവായ 4,251 പേരും ക്വാറന്റൈനിൽ കഴിയുന്ന 9,544 പേരും സർട്ടിഫൈഡ് ലിസ്റ്റിലുണ്ട്. വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബർ ഏഴിനു വൈകിട്ട് മൂന്നുവരെ സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കും.