തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ, പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറിയും ഫോറൻസിക് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കേസ് രേഖകൾ ഇന്നലെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിക്കുകയായിരുന്നു. അന്വേഷണ സംഘത്തലവനായ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്ണൻ രേഖകൾ ഏറ്റുവാങ്ങി. അടുത്തയാഴ്ച കാസർകോട്ടെത്തി വിശദമായ അന്വേഷണം തുടങ്ങുമെന്ന് സിബിഐ വ്യക്തമാക്കി.
കാസർകോട് കോടതിയിൽ നിന്ന് എഫ്.ഐ.ആറിന്റെ പകർപ്പ് ശേഖരിച്ചും, എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്തും സി.ബി.ഐ, പഴുതടച്ച അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. ഹൈക്കോടതി ആദ്യ കുറ്റപത്രം റദ്ദാക്കിയിട്ടില്ലാത്തതിനാൽ അതിന്റെ തുടർച്ചയായി വേണം സി.ബി.ഐ അന്വേഷണം. ഫോറൻസിക് രേഖകളടക്കം കുറ്റപത്രത്തിലുണ്ട്. ഇനി ഫോറൻസിക് പരിശോധന നടത്താനാവില്ല. .